ഇന്ത്യൻ കുടിയേറ്റക്കാരെ രണ്ടാംവട്ടവും അമേരിക്ക നാടുകടത്തിയത് വിലങ്ങണിയിച്ച്
text_fieldsയു.എസിൽ നിന്ന് സൈനിക വിമാനത്തിൽ നാടുകടത്തി അമൃത്സറിലെത്തിച്ചവരെ പൊലിസ് അകമ്പടിയോടെ
വീട്ടിലേക്ക് കൊണ്ടുപോകുന്നു
ചണ്ഡിഗഢ്: ഇന്ത്യൻ കുടിയേറ്റക്കാരെ അമേരിക്ക സൈനിക വിമാനത്തിൽ രണ്ടാംവട്ടവും നാടുകടത്തിയത് കൈകാലുകളിൽ വിലങ്ങണിയിച്ച്. ശനിയാഴ്ച രാത്രി അമൃത്സറിലെത്തിയ വിമാനത്തിലുണ്ടായിരുന്ന ദൽജിത് സിങ്ങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യാത്രക്കിടെ തങ്ങളുടെ കാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നു. കൈകളിലും വിലങ്ങിട്ടിരുന്നു- സിങ് ഹോഷിയാർപൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശനിയാഴ്ച അമേരിക്ക നാടുകടത്തിയ 116 പേരിൽ ഒരാളാണ് ദൽജിത് സിങ്. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു. ഇവരെ വിലങ്ങണിയിച്ചിരുന്നില്ല. വിമാനം അമൃത്സറിൽ ഇറങ്ങുംമുമ്പ് ചങ്ങലകൾ നീക്കി. അമൃത്സറിലെത്തുമ്പോൾ ഇന്ത്യൻ ഭക്ഷണം നൽകി. അങ്ങേയറ്റം ദുരിതപൂർണമായ യാത്രക്കൊടുവിൽ ഭക്ഷണം കിട്ടിയത് ഏറെ ആശ്വാസമായി.
ട്രാവൽ ഏജന്റിന്റെ കബളിപ്പിക്കലിന് ഇരയായി കുടിയേറ്റക്കാർ യു.എസിലേക്ക് പ്രവേശിക്കാൻ ഉപയോഗിക്കുന്ന നിയമവിരുദ്ധവും അപകടകരവുമായ ‘കഴുതപ്പാത’ വഴിയാണ് തന്നെ കൊണ്ടുപോയതെന്ന് സിങ് പറഞ്ഞു. നാടുകടത്തുന്ന ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘമാണ് ശനിയാഴ്ച രാത്രി 11.35 ഓടെ സി-17 വിമാനത്തിൽ ഇന്ത്യൻ മണ്ണിലിറങ്ങിയത്.
കഴിഞ്ഞയാഴ്ച 104 പേരെ തിരിച്ചയച്ചിരുന്നു. 157 പേരുമായി മൂന്നാമതൊരു വിമാനം ഉടനെത്തും. പഞ്ചാബ് സ്വദേശികളെ ഞായറാഴ്ച പുലർച്ചതന്നെ പൊലീസ് വാഹനത്തിൽ വീടുകളിലെത്തിച്ചു. ഹരിയാനയിൽനിന്നുള്ളവർക്കായി സംസ്ഥാന സർക്കാർ യാത്രാസൗകര്യം ഏർപ്പെടുത്തിയിരുന്നു. തിരിച്ചെത്തിയവരിൽ ഭൂരിഭാഗവും 18-30 പ്രായപരിധിയിലുള്ളവരാണ്. 50 ലക്ഷത്തിലേറെ രൂപ ഏജന്റുമാർക്ക് നൽകിയാണ് പലരും അനധികൃതമായി അമേരിക്കയിൽ കുടിയേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

