മുംബൈ ഭീകരാക്രമണം; തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും, റാണയുടെ ഹരജി തള്ളി യു.എസ് സുപ്രീം കോടതി
text_fieldsന്യൂഡല്‍ഹി: ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് 26 /11മുംബൈ ഭീകരാക്രണകേസിലെ പ്രതി തഹാവൂര്‍ റാണ നല്‍കിയ ഹരജി യു.എസ് സുപ്രീം കോടതി തള്ളി. തഹാവൂർ റാണ നൽകിയ അടിയന്തിര ഹേബിയസ് കോർപസ് ഹരജി യു.എസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സാണ് തള്ളിയത്. നിലവില്‍ ലോസ് ഏഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ തടങ്കല്‍ കേന്ദ്രത്തിലാണ് തഹാവൂര്‍ റാണയുള്ളത്. 2011ൽ റാണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 13 കൊല്ലത്തെ ജയില്‍ശിക്ഷയും ലഭിച്ചു.
ഇന്ത്യക്ക് കൈമാറാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തഹാവൂര്‍ റാണ ഫെബ്രുവരിയില്‍ അടിയന്തര അപേക്ഷ നല്‍കിയത് തള്ളിയതിനെ തുടർന്നാണ് റാണ സുപ്രീംകോടതിയില്‍ അപ്പീല്‍ സമർപ്പിച്ചത്. സുപ്രീംകോടതി വിധിയോടെ റാണെയെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാകും.
പാകിസ്ഥാന്‍ വംശജനും കനേഡിയന്‍ പൗരനുമായ റാണയെ ഇന്ത്യക്ക് കൈമാറിയാൽ താൻ പീഡിപ്പിക്കപ്പെടുമെന്നായിരുന്നു റാണയുടെ ഹരജിയിലെ വാദം. റാണയെ കൈമാറണമെന്ന് ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2018 ഓഗസ്റ്റില്‍ ഇന്ത്യ തഹാവൂര്‍ റാണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരിയില്‍ യു.എസ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. റാണെയെ ഇന്ത്യക്ക് കൈമാറുമെന്നും അയാള്‍ നിയമനടപടി നേരിടണമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചിരുന്നു.
പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്. 2008 നവംബർ 26 നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ 6 അമേരിക്കൻ വംശജർ ഉൾപ്പടെ 166 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

