36,000 കോടി തട്ടിപ്പ് നടത്തി യു.എസ് കമ്പനി
text_fieldsഇന്ത്യൻ ഓഹരി വിപണിയിൽ തട്ടിപ്പിലൂടെ 36,500 കോടി രൂപയിലധികം ലാഭമുണ്ടാക്കിയ ജെയിന് സ്ട്രീറ്റ് ഗ്രൂപ് എന്ന അമേരിക്കൻ കമ്പനിക്ക് സെബി വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. 2023 ജനുവരിക്കും 2025 മാര്‍ച്ചിനും ഇടയിലാണ് ഇത്രയും ലാഭമുണ്ടാക്കിയത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഓപ്ഷൻ ഇടപാടിലൂടെ റീട്ടെയിൽ നിക്ഷേപകർക്ക് 1.2 മുതൽ 1.3 ലക്ഷം കോടി രൂപ വരെയാണ് നഷ്ടമായതെന്ന സെബി റിപ്പോർട്ടുണ്ട്.
അതിന്റെ കാൽഭാഗം വരും ഇക്കാലയളവിൽ ജെയിൻ ഗ്രൂപ്പ് ഉണ്ടാക്കിയ ലാഭം. സെബി അന്വേഷണ സമയ പരിധിയിലെ ലാഭമായ 4840 കോടി രൂപ അടിയന്തരമായി തിരിച്ചടക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ജെയിൻ സ്ട്രീറ്റിന്റെയും അനുബന്ധ കമ്പനികളുടെയും ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകൾ, ഡി-മാറ്റ് അക്കൗണ്ടുകൾ എന്നിവ മരവിപ്പിക്കാനും പണം പിൻവലിക്കുന്നത് തടയാനും സെബി ബാങ്കുകൾ ഉൾപ്പെടെയുള്ളവയോട് നിർദേശിച്ചിട്ടുണ്ട്. പൂർണമായ അന്വേഷണ റിപ്പോർട്ട് പുറത്തുവരാൻ സമയമെടുക്കും.
നിഫ്റ്റിയിലെയും ബാങ്ക് നിഫ്റ്റിയിലെയും പ്രതിവാര ഡെറിവേറ്റിവ് കരാറുകള്‍ അവസാനിക്കുന്ന ദിവസം കൃത്രിമമായി വില വ്യതിയാനം സൃഷ്ടിച്ച് വന്‍ലാഭം ഉണ്ടാക്കുകയാണ് കമ്പനി ചെയ്തത്. കാലാവധി അവസാനിക്കുന്ന ദിവസം രാവിലെ വൻ തോതിൽ ഓഹരി വാങ്ങിക്കൂട്ടി വില ഉയർത്തുകയും ഉച്ചക്ക് ശേഷം വിറ്റ് വിലയിടിക്കുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. സൂചികയെ അവരുദ്ദേശിക്കുന്ന നിലയിലേക്ക് ചലിപ്പിച്ച് ഓപ്ഷൻ ഇടപാടിലൂടെ വൻലാഭമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. പണം നഷ്ടമായത് ഇന്ത്യയിലെ ചെറുകിട നിക്ഷേപകർക്കാണ്.
47 രാജ്യങ്ങളിൽ ഇടപാട് നടത്തുന്ന കമ്പനിയാണ് ജെയിന് സ്ട്രീറ്റ് ഗ്രൂപ്. 2500ൽ അധികം പ്രഫഷനൽ ജീവനക്കാരാണ് ഇവർക്കുള്ളത്. ഇതിൽ ഐ.ഐ.ടിയിൽനിന്ന് പഠിച്ചിറങ്ങിയ വിദഗ്ധരുമുണ്ട്. ഓപ്ഷൻ ഇടപാടിൽ 93 ശതമാനം നിക്ഷേപകർക്കും നഷ്ടമാണെന്ന സെബി റിപ്പോർട്ടും ഇതോട് ചേർത്ത് വായിക്കണം.
ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ യഥാർഥത്തിൽ ഇൻവെസ്റ്റ്മെന്റ്/ട്രേഡിങ് ടൂൾ അല്ല. അതു വൻകിട നിക്ഷേപകർക്ക് റിസ്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഹെഡ്ജിങ്ങിനുള്ളതാണ്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള വ്യഗ്രതയിൽ സാധാരണക്കാർ ഇതിലേക്ക് കടന്നുചെന്ന് അടിപ്പെടുകയാണ്. കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഒലിച്ചുപോകുന്നതിനു മുമ്പ് അവസാനിപ്പിക്കണമെന്നേ പറയാനുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

