വിമാന ദുരന്തം; അന്വേഷണത്തിന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോക്കു പുറമെ യു.എസ്, ബ്രിട്ടീഷ് വിദഗ്ധരും
text_fieldsന്യൂഡൽഹി: അഹ്മദാബാദ് വിമാന ദുരന്തം ഇന്ത്യയുടെ വിമാന അപകട അന്വേഷണ ഏജൻസിയായ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) അന്വേഷിക്കും. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എ.എ.ഐ.ബി ഡയറക്ടർ ജനറലും ഇൻവെസ്റ്റിഗേഷൻ ഡയറക്ടറും ഉൾപ്പെടെയുള്ള സംഘം അപകട സ്ഥലം സന്ദർശിച്ചു.
അമേരിക്കയുടെ നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ.ടി.എസ്.ബി) ഇന്ത്യയിലേക്ക് അന്വേഷണ സംഘത്തെ അയക്കും. ഇന്ത്യയുടെ അന്വേഷണ സംഘത്തെ സഹായിക്കാനാണ് വിദഗ്ധ സംഘത്തെ അയക്കുന്നതെന്നു എൻ.ടി.എസ്.ബി വ്യക്തമാക്കി. അന്വേഷണത്തിലെ മുഴുവൻ കണ്ടെത്തലുകളും ഇന്ത്യൻ സർക്കാറിനു കൈമാറുമെന്ന് ഏജൻസി അറിയിച്ചു. ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തെ സഹായിക്കാൻ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്റെ എയർ ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്രാഞ്ചും (എ.എ.ഐ.ബി) അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് ലോകത്തെ നടുക്കിയ ദുരന്തമുണ്ടായത്. സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് ലണ്ടനിലെ ഗാട്വിക് വിമാനത്താവളം ലക്ഷ്യമാക്കി വ്യാഴാഴ്ച ഉച്ചക്ക് 1.38ന് പറന്നുയർന്ന് മിനിറ്റുകൾക്കകമാണ് എയർ ഇന്ത്യ 171 ബോയിങ് 787- 8 ഡ്രീംലൈനർ വിമാനം സമീപത്തെ വിദ്യാർഥി ഹോസ്റ്റലിനുമേൽ തകർന്നുവീണത്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
യാത്രക്കാരിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർചുഗീസുകാരും ഒരു കനേഡിയൻ പൗരനുമാണ് ഉൾപ്പെട്ടിരുന്നത്. 35 പേർ ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജരാണ്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ട്. യു.കെയിൽ നഴ്സായിരുന്ന തിരുവല്ല പുല്ലാട് കുറുങ്ങുഴ രഞ്ജിത ജി. നായർ (40) ആണ് മരിച്ച മലയാളി. മേഘനിനഗറിലെ ജനവാസമേഖലയില് വിമാനം പതിച്ചതിനെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

