മോദിക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ ട്രംപ് സമ്മതിക്കണം; റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്കയുടെ അനുമതിക്കെതിരെ പ്രധാനമന്ത്രിയെ വിമർശിച്ച് ഖാർഗെ
text_fieldsമല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹുർമുസ് കടലിടുക്ക് താത്കാലികമായി അടച്ചതിന്റെ പശ്ചാത്തലത്തിൽ, റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ച അമേരിക്കൻ നടപടിക്കെതിരെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ രംഗത്ത്. ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണവും ദേശീയ പരമാധികാരവും വലിയ ഭീഷണിയിലാണെന്ന് അദ്ദേഹം ആരോപിച്ചു.
'രാജ്യത്തെ തലകുനിക്കാൻ അനുവദിക്കില്ല' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ഒരു മുദ്രാവാക്യം മാത്രമായിരുന്നുവെന്ന് ഖാർഗെ 'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഫാസിസ്റ്റ് ഭരണാധികാരിയായ ട്രംപ്, ഉപരോധം നേരിടുന്ന രാജ്യങ്ങളോട് ഉപയോഗിക്കുന്ന അതേ ഭാഷയാണ് ഇന്ത്യയോടും ഉപയോഗിക്കുന്നത്. ഇന്ത്യ ഒരു തുല്യ പങ്കാളിയാണ്, അല്ലാതെ ഉപരോധം നേരിടുന്ന രാജ്യമല്ല. റഷ്യൻ എണ്ണയും ഇറാനിയൻ എണ്ണയും വാങ്ങുന്ന കാര്യത്തിൽ പ്രധാനമന്ത്രി മോദി അമേരിക്കക്ക് മുമ്പിൽ മുട്ടുമടക്കിയെന്നും ഇന്ത്യയുടെ വിദേശനയത്തെ അദ്ദേഹം അടിയറവ് വെച്ചുവെന്നും ഖാർഗെ ആരോപിച്ചു. നെഹ്‌റു മുതൽ വാജ്‌പേയി വരെ ഒരു പ്രധാനമന്ത്രിയും വിദേശ ശക്തികളുടെ സമ്മർദത്തിന് വഴങ്ങിയിട്ടില്ലെന്നും, ഇന്ത്യയെ ഒരു 'അധീന രാജ്യത്തെപ്പോലെ' മാറ്റിയ ഏക പ്രധാനമന്ത്രി മോദിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇന്ത്യൻ വിദേശനയം 'വിട്ടുവീഴ്ചകൾക്ക് വഴങ്ങുന്ന ഒരു വ്യക്തിയുടെ ചൂഷണത്തിന്' വിധേയമായിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലും സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ വിദേശനയമാണ് വേണ്ടതെന്ന് രാഹുൽ പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹുർമുസ് കടലിടുക്ക് വഴി നടന്നിരുന്ന എണ്ണ വിതരണം തടസ്സപ്പെട്ടതിനാൽ ഇന്ത്യ കടുത്ത ഇന്ധന പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് അമേരിക്ക റഷ്യയിൽ നിന്നും ഇന്ധനം വാങ്ങിക്കാൻ ഇളവ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

