'എം.എൽ.എ ഓഫീസിൽ വെച്ച് കൂട്ടബലാത്സംഗം, മുഖത്ത് മൂത്രമൊഴിച്ചു, വൈറസ് കുത്തിവെച്ചു'; യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിൽ ബി.ജെ.പി എം.എൽ.എ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്
text_fieldsബംഗളൂരു: നാൽപതുകാരിയായ ബി.ജെ.പി പ്രവർത്തകയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിൽ ബി.ജെ.പി എം.എൽ.എക്കും മൂന്നുപേർക്കുമെതിരെ കേസെടുത്തു. ബി.ജെ.പി ആർ.ആർ. നഗർ എം.എൽ.എ എൻ. മുനിരത്ന സഹായികളായ വസന്ത്, ചന്നകേശവ, കമൽ എന്നിവർക്കെതിരെയാണ് കേസ്.
കള്ളക്കേസ് എടുത്ത ശേഷം സഹായ വാഗ്ദാനം ചെയ്ത് എം.എൽ.എ ഓഫീസിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നും മുഖത്ത് മൂത്രമൊഴിച്ചെന്നും ശരീരത്തിൽ മാരക വൈറസ് കുത്തിവെച്ചെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്.
'ഭർത്താവും കുടുംബവുമായി ജീവിക്കുന്നതിനിടെയാണ് വേശ്യാവൃത്തിയിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് പീനിയ പൊലീസ് സ്റ്റേഷനിൽ നിന്ന് കള്ളക്കേസെടുത്ത് തന്നെ ജയിലിൽ അടയ്ക്കുന്നത്. കൂടാതെ, ഒരു കൊലപാതക ശ്രമക്കേസിലും ഉൾപ്പെടുത്തി. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം, 2023 ജൂൺ 11 ന്, വസന്തും കൂട്ടാളികളും വന്ന് എം.എൽ.എ മുനിരത്നയുമായി സംസാരിച്ചാൽ തനിക്കെതിരായ കേസ് പിൻവലിക്കുമെന്ന് പറഞ്ഞു. തന്നെ ഒരു കാറിൽ ജെ.പി. പാർക്കിന് സമീപമുള്ള ഒരു ഓഫീസിലേക്ക് കൊണ്ടുപോയി. മുനിരത്ന, വസന്ത്, ചന്നകേശവ എന്നിവർ തന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും സഹകരിച്ചില്ലെങ്കിൽ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മുനിരത്നയുടെ നിർദേശപ്രകാരം വസന്തും കമലും തന്നെ ബലാത്സംഗം ചെയ്തു. എം.എൽ.എ മുനിരത്ന തന്റെ മുഖത്തേക്ക് മൂത്രമൊഴിച്ചു. അജ്ഞാതനായ ഒരാൾ ഒരു സിറിഞ്ചുമായെത്തി ദേഹത്ത് കുത്തിവച്ചു. ഈ കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തി.'- ഇരയായ യുവതി പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ, ആർ.ആർ. നഗർ എം.എൽ.എ മുനിരത്നക്കും കൂട്ടാളികളായ വസന്ത്, ചന്നകേശവ, കമൽ എന്നിവർക്കുമെതിരെ ബലാത്സംഗ കുറ്റം ചുമത്തി ആർ.എം.സി യാർഡ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നേരത്തെ, സാമൂഹിക പ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ മുനിരത്നയ്ക്ക് 2024 ഒക്ടോബർ 15നാണ് ജാമ്യം ലഭിച്ചത്. പട്ടികജാതിക്കാരനായ മുൻ കോർപറേറ്റർ വേലുനായ്ക്കറെ ജാതീയമായി അധിക്ഷേപിച്ചെന്നും ബി.ബി.എം.പി കരാറുകാരനായ ചെലുവരാജുവിൽ നിന്നു കരാർ റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള കേസുകളും മുനിരത്നക്കെതിരെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

