സ്കൂൾ തലം മുതൽ ഉർദുപഠനത്തിന് സൗകര്യമൊരുക്കണം –ലോക ഉർദു സമ്മേളനം
text_fieldsന്യൂഡൽഹി: കലുഷമായ വർത്തമാന സാഹചര്യത്തിൽ ഉർദു എന്ന മാനവികഭാഷയെ സഹവർത്തിത്വത്തിെൻറ സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റാനുള്ള ദൃഢനിശ്ചയവുമായി ലോക ഉർദു സമ്മേളനം സമാപിച്ചു. സർക്കാർ, സ്വകാര്യ സ്കൂളുകളിൽ അപ്പർ പ്രൈമറി തലം മുതൽ ഉർദു അധ്യയനത്തിനുള്ള അവസരമൊരുക്കണമെന്നും ഉർദു പഠനം നടക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകക്ഷാമം പരിഹരിക്കണമെന്നും സംഘാടകരായ ദേശീയ ഉർദു ഭാഷ പ്രചാരണസമിതി (എൻ.സി.പി.യു.എൽ) സർക്കാറിനോട് ആവശ്യപ്പെട്ടു.
മതപാഠശാലകളുടെ ആധുനികീകരണത്തിലൂടെയും മാധ്യമങ്ങളുടെ സഹകരണത്തോടെയും ഉർദുവിെൻറ പുരോഗതിക്കു വേണ്ടി സമിതി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്ന് എൻ.സി.പി.യു.എൽ ഡയറക്ടർ ഡോ. അഖീൽ അഹ്മദ് അറിയിച്ചു. ഭാഷ ജനങ്ങളെ അടുപ്പിക്കാനുള്ള ആശയവിനിമയത്തിനുള്ളതാണെന്നും തമ്മിലടിപ്പിക്കാനുള്ള ആയുധമല്ലെന്നും സമാപന സെഷനിൽ അധ്യക്ഷത വഹിച്ച ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ ചെയർമാൻ ജസ്റ്റിസ് സുഹൈൽ െഎജാസ് സിദ്ദീഖി അഭിപ്രായപ്പെട്ടു. ഭാഷക്ക് മതമില്ല. എന്നാൽ, മതങ്ങൾക്ക് പ്രചാരണത്തിനും പ്രബോധനത്തിനും ഭാഷ അനിവാര്യമാണ്. ഭാഷയും സംസ്കാരവും മതവും യഥേഷ്ടം സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ടെന്നും അത് ഉപയോഗപ്പെടുത്തി ഉർദുവിെൻറ നാനാവിധ വളർച്ചക്കായി ശ്രമം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
‘ഭരണഘടനയിലും മറ്റു നിയമങ്ങളിലും ഉർദുവിെൻറ സ്ഥാനം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഖാജ അബ്ദുൽ മുൻതഖിം, ഡോ. മുഹമ്മദ് മുഹ്സിൻ ഭട്ട്, ഡോ. അലി മഹ്ദി, പ്രഫ. നുസ്ഹത് പർവീൻ ഖാൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ‘ഉർദുവും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ പ്രഫ. മൃണാൾ ചാറ്റർജി, പ്രഫ. ഇഫ്തിഖാർ അഹ്മദ്, ‘സുബ്ഹെ ഉമ്മീദ്’ എഡിറ്റർ അബ്ദുസ്സമീ ബുബേരി, ഡോ. സാബിർ ഗുഡൂർ (മൊറീഷ്യസ്), മിർസ അബ്ദുൽ ബാഖി ബേഗ് (ബി.ബി.സി) എന്നിവർ സംസാരിച്ചു. മൂന്നു ദിവസത്തെ സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 60 സർവകലാശാലകളിൽ നിന്നെത്തിയവർ 70 ഗവേഷണ പ്രബന്ധങ്ങളവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
