പാർലമെന്റ് പോലെ നഗരസഭകളും പഞ്ചായത്തുകളും സമ്മേളിക്കണം -ഓം ബിർള
text_fieldsഓം ബിർള
ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളെയുംപോലെ രാജ്യത്തെ നഗരസഭകളും ഗ്രാമപഞ്ചായത്തുകളും എന്തുകൊണ്ടാണ് ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ ദീർഘനേരം സമ്മേളിക്കാത്തതെന്ന് സ്പീക്കർ ഓം ബിർള ചോദിച്ചു. ജനകീയ പ്രശ്നങ്ങൾ ഏറെ ചർച്ച ചെയ്യാനുള്ള നഗരസഭകളും ഗ്രാമപഞ്ചായത്തുകളും ഇതിനായി ദിവസങ്ങൾ സമ്മേളിക്കുന്ന രീതിയുണ്ടാക്കാൻ അവയുടെ അധ്യക്ഷർക്ക് കഴിയണം.
പാർലമെന്റിലേത് പോലെ ചർച്ചകളും ചോദ്യോത്തരവേളകളും നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലുമുണ്ടാക്കാമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
ലോക്സഭയും ഹരിയാന നിയമസഭയും സംയുക്തമായി സംഘടിപ്പിച്ച നഗരസഭാധ്യക്ഷരുടെ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ. സഭ സ്തംഭിപ്പിച്ച് കരുത്ത് തെളിയിക്കുന്ന കാലം കഴിഞ്ഞുവെന്നും സഭാ നടപടികൾ തടസ്സപ്പെടാതെ കൊണ്ടുപോകാൻ അധ്യക്ഷർക്ക് കഴിയണമെന്നും ഓം ബിർള പറഞ്ഞു. 18ാം ലോക്സഭയിൽ സ്തംഭനത്തിന് കുറവ് വന്നെന്നും വർഷകാല സമ്മേളനം വരാനിരിക്കേ ഓം ബിർള കൂട്ടിച്ചേർത്തു.
നേരത്തേ എം.പിമാർ ലോക്സഭയിൽ പ്ലക്കാർഡുകളും കൊണ്ടെത്തുക പതിവായിരുന്നു. 17ാം ലോക്സഭയിലും ഇതു തുടർന്നു. എന്നാൽ, 18ാം ലോക്സഭയിൽ ഇതിനു മാറ്റം വന്നു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ചയാക്കണമെങ്കിൽ സഭ നടക്കണമെന്ന് രാഷ്ട്രീയ പാർട്ടികളും എം.പിമാരും തീരുമാനിച്ചതുകൊണ്ടുണ്ടായ മാറ്റമാണിത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനു സഹായകരമായ നിലപാടെടുത്തു.
ഇതു മാറ്റത്തിനുള്ള സമയമാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനാധിപത്യ സ്ഥാപനങ്ങളെ ഉത്തരവാദിത്തമുള്ളതാക്കുകയും വേണം. അതിനു നിയമനിർമാണ സഭകൾ ശരിയായ രീതിയിൽ പ്രവർത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

