ഇ.ഡി, തൃണമൂൽ ഹരജികൾ പരിഗണിക്കവെ ഹൈകോടതിയിൽ ബഹളം;14ലേക്ക് മാറ്റി
text_fieldsകൊൽക്കത്ത: കൽക്കരി അഴിമതി കേസിൽ തൃണമൂൽ കോൺഗ്രസ് ഐ.ടി സെൽ തലവനും കൺസൽട്ടൻസി സ്ഥാപനമായ സി-പാക് ഡയറക്ടറുമായ പ്രതീക് ജെയിനിന്റെ വീട്ടിലും ഓഫിസിലും നടന്ന റെയ്ഡുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും ഹരജികൾ കൊൽക്കത്ത ഹൈകോടതി 14ന് വാദം കേൾക്കാനായി മാറ്റി. കേസ് പരിഗണിക്കവെ കോടതിമുറി ബഹളത്തിൽ മുങ്ങി. ഹരജിയുമായി ബന്ധമില്ലാത്തവർ മുറിക്ക് പുറത്തുപോകണമെന്ന് ജസ്റ്റിസ് സുവ്ര ഘോഷ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂടിനിന്നവർ ചെവിക്കൊള്ളാത്തതിനെ തുടർന്നാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.
പ്രതീക് ജെയിനിന്റെ വീട്ടിലും ഓഫിസിലും വ്യാഴാഴ്ച നടന്ന റെയ്ഡിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. റെയ്ഡിനിടെ മുഖ്യമന്ത്രി മമത ബാനർജി പ്രതീകിന്റെ വീട്ടിലും സി-പാക് ഓഫിസിലുമെത്തി ഇ.ഡിയെ വെല്ലുവിളിച്ചിരുന്നു. വീട്ടിൽ ബലമായി കടന്ന മമത പരിശോധന തടസ്സപ്പെടുത്തിയെന്നും ലാപ്ടോപ്പും നിരവധി രേഖകളും കൈവശപ്പെടുത്തിയെന്നും ആരോപിച്ചാണ് ഇ.ഡി ഹൈകോടതിയെ സമീപിച്ചത്.
അതേസമയം, റെയ്ഡ് നടത്തി പാർട്ടി രേഖകളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും തട്ടിയെടുക്കുകയാണ് ഇ.ഡി ലക്ഷ്യമെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് മമതയും കോടതിയിൽ ഹരജി നൽകി. ഇരു ഹരജികളും പരിഗണിക്കവെയാണ് കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മമത ബാനർജിയെയും ഏതാനും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും പ്രതിയാക്കിയാണ് ഇ.ഡി കേസ്. കേന്ദ്രസർക്കാറിനെതിരെയാണ് തൃണമൂലിന്റെ ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

