'രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്നു'; ജെ.ഡി.യുവുമായി ലയിക്കുന്നതായി ഉപേന്ദ്ര കുശ്വാഹ
text_fieldsഉപേന്ദ്ര കുശ്വാഹ
പട്ന: മുൻകേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടി (ആർ.എൽ.എസ്.പി) ബിഹാറിലെ ഭരണകക്ഷിയായ ജനതാദൾ യുനൈറ്റഡിൽ ലയിക്കാൻ തീരുമാനിച്ചു. പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം അധ്യക്ഷൻ കുശ്വാഹയാണ് ഇക്കാര്യം അറിയിച്ചത്.
'സമാന ചിന്താഗതിക്കാരായ എല്ലാവരും ഒത്തുചേരണമെന്നാണ് രാജ്യെത്തയും സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്നത്. അതിനാൽ എന്‍റെ മൂത്ത സഹോദരൻ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ഞങ്ങളുടെ യാത്ര തുടരുമെന്ന് ഞാൻ തീരുമാനിച്ചു'-കുശ്വാഹ പറഞ്ഞു.
ജെ.ഡി.യുവിലെ തന്‍റെ റോൾ നിതീഷ് കുമാർ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2013ൽ നിതീഷ്കുമാറുമായി ഉടക്കി രാജ്യസഭാ സീറ്റ് വേണ്ടെന്ന് െവച്ചാണ് കുശ്വാഹ സ്വന്തം പാർട്ടിയുണ്ടാക്കിയത്.
2014െല ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിൽ മത്സരിച്ച കുശ്വാഹയുടെ പാർട്ടി മൂന്ന് സീറ്റിൽ വിജയിച്ചതോെട അദ്ദേഹത്തിന് കേന്ദ്രമന്ത്രി പദവി ലഭിച്ചിരുന്നു. 2018 ഡിസംബറിൽ എൻ.ഡി.എ വിടുന്നത് വരെ മാനവവിഭവ ശേഷി മന്ത്രാലയത്തിൽ സഹമന്ത്രിയായിരുന്നു അദ്ദേഹം.
എന്നാൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2020 നിയമസഭ തെരഞ്ഞെടുപ്പിലും കുശ്വാഹയുടെ പാർട്ടി സംപൂജ്യരായതോടെയാണ് ജെ.ഡി.യുവിലേക്ക് മടങ്ങുന്നത്.