എസ്.ഐ അബദ്ധത്തിൽ വെടിവെച്ചു; യുവതിക്ക് ഗുരുതര പരിക്ക്; അലിഗഢ് പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യം പുറത്ത്
text_fieldsഎസ്.ഐയുടെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ അലീഗഢ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. തലക്ക് വെടിയേറ്റ യുവതി ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വെടിയേൽക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവതി യുവാവിനൊപ്പം പാസ്പോർട്ട് വെരിഫിക്കേഷനുവേണ്ടിയാണ് അലീഗഢ് കൊത്വാലി നഗറിലെ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‍വർക്ക് ഓഫിസിലെത്തിയത്. ഇരുവരും സ്റ്റേഷനുള്ളിൽ നിൽക്കുന്നതിനിടെ ഒരു പൊലീസുകാരൻ തോക്ക് എസ്.ഐ മനോജ് ശർമക്ക് കൈമാറുന്നത് വിഡിയോയിൽ കാണാനാകും. ഇതിനിടെ എസ്.ഐ തോക്ക് ലോഡ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു.
തൊട്ടു മുന്നിലുണ്ടായിരുന്ന യുവതിയുടെ തലയിലാണ് ബുള്ളറ്റ് പതിച്ചത്. ഉടൻ തന്നെ യുവതിയെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ എത്തിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം ആശുപത്രിയിലെത്തി. സംഭവത്തിനു പിന്നാലെ എസ്.ഐ ശർമ ഓടിരക്ഷപ്പെട്ടു. എസ്.ഐയുടെ സസ്പെൻഷൻ ഉൾപ്പെടെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അബദ്ധത്തിൽ വെടിയുതിർത്തതിന് പിന്നിലെ കാരണം അറിയില്ലെന്നും അലീഗഢ് പൊലീസ് മേധാവി കലാനിധി നെയ്ത്താനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

