കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന വ്യാജ പരാതി നൽകിയ യുവതി ഭർത്താവിന്റെ കൊലപാതക കേസിൽ അറസ്റ്റിൽ
text_fieldsലഖ്നോ: കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പൊലീസിൽ പരാതി നൽകിയ യുവതി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് യുവതിയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതികളായ അംനയും അയൽവാസി സുമിതും തമ്മിൽ പ്രണയബന്ധത്തിലായിരുന്നുവെന്നും യുവതിയുടെ ഭർത്താവ് സാജിദ് ബന്ധത്തെ ശക്തമായി എതിർത്തുവെന്നും മെയിൻപുരി പൊലീസ് സൂപ്രണ്ട് ഗണേശ് പ്രസാദ് ഷാ പറഞ്ഞു.ടെലിവിഷൻ ശരിയാക്കുന്നതിന് വേണ്ടിയാണ് സുമിത് ആദ്യമായി അംനയുടെ വീട്ടിലെത്തുന്നത്. അവർ സുഹൃത്തുക്കളാവുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. ഈ ബന്ധത്തെ സാജിദ് എതിർത്തു. ഇതിന്റെ പേരിൽ സാജിദും അംനയും തമ്മിൽ നിരന്തരമായി വഴക്കുണ്ടായിരുന്നു.
തുടർന്ന് സാജിദിനെ കൊലപ്പെടുത്താൻ അംനയും സുമിതും ചേർന്ന് പദ്ധതി തയ്യാറാക്കി. കൊലപാതകം നടത്തി സാജിദുമായി ഭൂമി തർക്കമുള്ള ഭോലോ യാദവിന്റെ മേൽ കുറ്റം ചുമത്താനായിരുന്നു ഇവരുടെ ശ്രമം. ഫെബ്രുവരി 16ാം തീയതി സാജിദിന്റെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയതിന് ശേഷം ഇരുമ്പ് കമ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചു.
തുടർന്ന് ഫെബ്രുവരി 20ാം തീയതി ഭോലോ യാദവ് തന്നെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും തടവിലിട്ടുവെന്നും ഭർത്താവിന്റെ മരണത്തിന് പിന്നിൽ ഇയാളാണെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിൽ അംനയുടെ കൂട്ടബലാത്സംഗ കഥ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയും സാജിദിന്റെ കൊലപാതകത്തിന് പിന്നിൽ ഇവരും കാമുകനുമാണെന്ന് കണ്ടെത്തുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

