സ്മൃതി ഇറാനിയും വരുൺ ഗാന്ധിയും രാജ്യസഭയിലേക്ക്... യു.പിയിൽനിന്ന് മത്സരിക്കുമെന്ന് സൂചന
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും വരുൺ ഗാന്ധിയും മത്സരിച്ചേക്കും. ഇരുവരുടെയും പേരുകൾ ബി.ജെ.പി പരിഗണിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിക്കും മുൻ ബസ്തി എം.പി ഹരീഷ് ദ്വിവേദിക്കും സീറ്റ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വരുൺ ഗാന്ധി, സഞ്ജീവ് ബാലിയാൻ, സത്യപാൽ സിങ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ബി.ജെ.പി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യു.പിയിലെ 10 രാജ്യസഭാ സീറ്റുകളിലേക്കാണ് ഒക്ടോബർ 16ന് തെരഞ്ഞെടുപ്പ് നടക്കുക. 10 സീറ്റുകളിൽ എട്ടെണ്ണം ബി.ജെ.പിയുടെയും ഓരോ സീറ്റുകൾ വീതം സമാജ്‌വാദി പാർട്ടിയുടെയും ബഹുജൻ സമാജ് പാർട്ടിയുടെയും കൈവശമാണ്. സെപ്റ്റംബർ 11ന് ബി.ജെ.പി എം.പി ദിനേശ് ശർമ രാജിവച്ച് ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്റ് ഗവർണറായി ചുമതലയേറ്റതിനെ തുടർന്ന് ഒരു സീറ്റ് നേരത്തെ തന്നെ ഒഴിവായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ നടപടികൾ ഇന്ന് ആരംഭിക്കും.
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയായി സ്മൃതി ഇറാനിയെ അടുത്തിടെ ദേശീയ സംഘടനാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. മുൻ ബസ്തി എം.പി ഹരീഷ് ദ്വിവേദിയും ദേശീയ ജനറൽ സെക്രട്ടറിയാണ്. മുൻ പിലിഭിത്ത് എം.പി വരുൺ ഗാന്ധിയുടെ പേരും ബി.ജെ.പിയുടെ സാധ്യതാ പട്ടികയിലുണ്ട്.
ഏഴ് സീറ്റുകൾ സ്വന്തമായി നേടാനുള്ള സംഖ്യാബലം ബി.ജെ.പിക്കുണ്ട്. എന്നാൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്രോസ് വോട്ടിങ്ങിന് അവസരമൊരുക്കി എട്ടാമത്തെ സീറ്റ് നേടാൻ ബി.ജെ.പി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

