മൊബൈൽ ഗെയിം കളിക്കുന്നത് തടഞ്ഞതിന് അമ്മയെ മകൻ വെടിവെച്ച് കൊന്നു
text_fieldsലഖ്‌നോ: ഉത്തർപ്രദേശിലെ ലഖ്‌നോവിൽ മൊബൈൽ ഗെയിം കളിക്കുന്നത് തടഞ്ഞ അമ്മയെ 16 കാരനായ മകൻ കൊലപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പതിവായി കളിക്കുന്ന ഗെയിമിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്, പട്ടാളക്കാരനായ പിതാവിന്റെ റിവോൾവർ ഉപയോഗിച്ച് കൗമാരക്കാരൻ അമ്മക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ യുവതി ഉടൻ മരിച്ചതായി പൊലീസ് അറിയിച്ചു.
അമ്മയുടെ മൃതദേഹം ഒളിപ്പിച്ച കുട്ടി, ഒമ്പത് വയസുള്ള സഹോദരിക്കൊപ്പം രണ്ട് ദിവസമാണ് വീട്ടിൽ കഴിഞ്ഞത്. സംഭവം ആരോടും പറയരുതെന്ന് സഹോദരിയെ കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു. മൃതദേഹത്തിന്‍റെ ദുർഗന്ധം മറയ്ക്കാൻ റൂം ഫ്രഷ്നർ ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു.
എന്നാൽ, ജോലിക്കായി വീട്ടിലെത്തിയ ഇലക്ട്രീഷ്യനാണ് അമ്മയെ വെടിവെച്ച് കൊന്നതെന്നാണ് തുടക്കത്തിൽ കുട്ടി പൊലീസിനോടും പിതാവിനോടും പറഞ്ഞത്. പിന്നീട് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

