ബംഗാൾ തെരഞ്ഞെടുപ്പിൽ 'യു.പി സിങ്കം': എൻകൗണ്ടർ സ്പെഷ്യലിസ്റ്റിന്റെ നിയമനം വൻ വിവാദത്തിലേക്ക്
text_fieldsകൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശ് കേഡറിലെ പ്രശസ്തനായ ഐ.പി.എസ് ഉദ്യോഗസ്ഥൻ അജയ് പാൽ ശർമയെ പൊലീസ് നിരീക്ഷകനായി നിയമിച്ച ഇലക്ഷൻ കമ്മീഷൻ നടപടി വലിയ രാഷ്ട്രീയ പോരിന് വഴിതുറന്നിരിക്കുകയാണ്. 'എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്' എന്നറിയപ്പെടുന്ന ശർമയെ ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്നാണ് തൃണമൂൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ആരോപിക്കുന്നത്.
ആരാണ് അജയ് പാൽ ശർമ
2011 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അജയ് പാൽ ശർമ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ കീഴിൽ നൂറുകണക്കിന് എൻകൗണ്ടറുകൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ്. 'യോഗിയുടെ സിങ്കം' എന്നാണ് അനുയായികൾ വിളിക്കുന്നത്. ക്രിമിനലുകൾക്കെതിരെ സ്വീകരിക്കുന്ന കടുത്ത നടപടികളിലൂടെയാണ് ശ്രദ്ധേയനാവുന്നത്.
ബി.ജെ.പിയുടെ താല്പര്യപ്രകാരം വോട്ടർമാരെയും തൃണമൂൽ പ്രവർത്തകരെയും ഭീഷണിപ്പെടുത്താനാണ് ഇലക്ഷൻ കമ്മീഷൻ അയച്ചിരിക്കുന്നതെന്നാണ് മമത ബാനർജിയുടെ പാർട്ടി ആരോപിക്കുന്നത്. സൗത്ത് 24 പർഗാനാസ് പോലുള്ള തങ്ങളുടെ കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ഇത്തരം 'ഏജന്റുമാരെ' ബി.ജെ.പി പ്ലാന്റ് ചെയ്തിരിക്കുകയാണെന്ന് ടി.എം.സി നേതാക്കൾ പറയുന്നു
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ടി.എം.സിക്ക് പിന്തുണയുമായി രംഗത്തെത്തി. 'ബി.ജെ.പിയുടെ വിശ്വസ്തനായ ഏജന്റാണ് ശർമയെന്നും, ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബംഗാളിലേക്ക് അയച്ചിരിക്കുന്നത്' എന്നും അഖിലേഷ് ആരോപിച്ചു. ഭാവിയിൽ ഇത്തരം ഉദ്യോഗസ്ഥർ അവരുടെ നടപടികൾക്ക് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സൗത്ത് 24 പർഗാനാസിലെ ഫാൽട്ട എന്ന സ്ഥലത്ത് വെച്ച് ഒരു ടി.എം.സി സ്ഥാനാർത്ഥിയെയും സംഘത്തെയും അജയ് പാൽ ശർമ പരസ്യമായി ശാസിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദം കൊടുമ്പിരിക്കൊണ്ടത്. നിയമം കയ്യിലെടുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കാമറകൾക്ക് മുന്നിൽ വെച്ച് ഉച്ചത്തിൽ മുന്നറിയിപ്പ് നൽകുന്നത് വീഡിയോയിൽ കാണാം. ഇത് സ്ഥാനാർത്ഥികളെ അപമാനിക്കുന്നതിനും വോട്ടർമാരെ സ്വാധീനിക്കുന്നതിനും തുല്യമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് സുതാര്യമായും അക്രമരഹിതമായും നടത്താനാണ് ശക്തരായ ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയമിക്കുന്നത് എന്നാണ് കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും നിലപാട്. ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങളിൽ നിന്ന് വോട്ടർമാരെ സംരക്ഷിക്കാൻ ഇത്തരം നടപടികൾ അത്യാവശ്യമാണെന്ന് ബി.ജെ.പി നേതാക്കൾ വാദിക്കുന്നു. നാളെ നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ അജയ് പാൽ ശർമയുടെ സാന്നിധ്യം തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

