ന്യൂഡൽഹി: റിപ്പബ്ലിക്ദിന പരേഡിൽ വിവിധ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങൾ തള്ളിയതുമായി ബന്ധപ്പെട്ട വിവാദത്തിന് വീണ്ടും തിരി കൊളുത്തി സമ്മാനവിതരണം. യു.പി ഒന്നാം സ്ഥാനവും കർണാടകം രണ്ടാം സ്ഥാനവും നേടിയത് ടാബ്ലോയുടെ കാവിച്ചന്തം കൊണ്ടാണെന്ന് വിമർശനം.
കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ 'പ്രതിപക്ഷ' സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങൾക്ക് കേന്ദ്രസർക്കാർ പല കാരണങ്ങൾ പറഞ്ഞ് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ശിൽപമുള്ള കേരളത്തിന്റെ ടാബ്ലോയാണ്, ശ്രീശങ്കരാചാര്യരുടേത് വേണമെന്ന കേന്ദ്രത്തിന്റെ പ്രത്യേക താൽപര്യത്തിനു മുന്നിൽ തള്ളിപ്പോയത്. സ്വാതന്ത്ര്യ സമരനായകരിൽ ഒരാളായ സുഭാഷ്ചന്ദ്രബോസിന്റെ 125ാം ജന്മവാർഷിക വേളയായിട്ടും, ബോസിന്റെ നാടായ പശ്ചിമ ബംഗാൾ അദ്ദേഹത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്ന വിധത്തിൽ തയാറാക്കിയ നിശ്ചല ദൃശ്യം തള്ളി. കേന്ദ്രം തള്ളിയ നിശ്ചല ദൃശ്യം സംസ്ഥാന റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിച്ചാണ് തമിഴ്നാട് കേന്ദ്രത്തിന് മറുപടി നൽകിയത്.
12 സംസ്ഥാനങ്ങളുടെ ടാബ്ലോയാണ് തെരഞ്ഞെടുത്തത്. ഒന്നാം സമ്മാനം നേടിയ യു.പിയുടെ ദൃശ്യത്തിൽ കാശി വിശ്വനാഥ ക്ഷേത്രവും മറ്റുമാണ് പശ്ചാത്തലം. ഈയിടെയാണ് പ്രധാനമന്ത്രി വാരാണസിയിലെത്തി ക്ഷേത്രപരിസര വികസന പരിപാടികൾ ഉദ്ഘാടനം ചെയ്തത്. കാവിക്കാണ് രണ്ടാം സ്ഥാനക്കാരായ കർണാടകത്തിന്റെയും ഊന്നൽ.സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക വേളയിൽ നടക്കുന്ന റിപ്പബ്ലിക് ദിനപരേഡിൽ, ഈ പ്രമേയം മുൻനിർത്തിയാകണം ടാബ്ലോയെന്ന പൊതുനിർദേശം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സംസ്ഥാനങ്ങളുടേത് തള്ളിയതെങ്കിലും, അവതരിപ്പിച്ച സംസ്ഥാനങ്ങൾ കാവിച്ചന്തം നൽകാൻ മത്സരിച്ച കാഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.