ന്യൂഡൽഹി: ഭൂമിതർക്കമാണ് മാധ്യമപ്രവർത്തകെൻറ കൊലപാതകത്തിന് പിന്നിലെന്ന് ഉത്തർപ്രദേശ് പൊലീസ്. പിടിയിലായ പ്രതികളിലൊരാളും മാധ്യമപ്രവർത്തകനും തമ്മിൽ വർഷങ്ങളായി ഭൂമി തർക്കം നിലനിന്നിരുന്നതായും മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ല കൊലക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി ബല്ല്യ ജില്ലയിലെ ഫെഫ്ന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സചാര സമയ് എന്ന ഹിന്ദി വാർത്ത ചാനലിലെ മാധ്യമ പ്രവർത്തകനായ രത്തൻ സിങ്ങാണ് കൊല്ലപ്പെട്ടത്. അക്രമി സംഘം രത്തൻ സിങ്ങിനെ ആദ്യം മർദിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഗ്രാമത്തലവെൻറ വീട്ടിലേക്ക് ഒാടിക്കയറിയെങ്കിലും അക്രമികൾ ഇദ്ദേഹത്തിന് നേരെ വെടിയുതിർത്തു.
അതേസമയം ഭൂതർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന പൊലീസ് വാദം രത്തൻ സിങ്ങിെൻറ പിതാവ് വിനോദ് സിങ് നിഷേധിച്ചു. പൊലീസുകാർ നുണ പറയുകയാണെന്നും സംഭവത്തിൽ ലോക്കൽ പൊലിസിെൻറ പങ്ക് അേന്വഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട പത്തുപ്രതികളിൽ ആറുപേരെയും പിടികൂടിയതായി പൊലീസ് പറഞ്ഞു. 2019 ൽ രത്തൻ സിങ്ങും പ്രതികളുമായുണ്ടായ തർക്കത്തെ തുടർന്ന് സമീപ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പിടിയിലായ അഞ്ചുപേർ അന്നത്തെ കേസിൽ ഉൾപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട മാധ്യമപ്രവർത്തകെൻറ കുടുംബത്തിന് പത്തുലക്ഷം രൂപ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചു. അതേസമയം സംസ്ഥാനത്ത് 'ജംഗിൾ രാജ്' ആണ് നടക്കുന്നതെന്ന് പ്രതിപക്ഷപാർട്ടികൾ പറഞ്ഞു.