യു.പി പൊലീസിന് തിരിച്ചടി; ക്രിമിനൽ കേസുണ്ടെന്ന് കരുതി ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള മൗലികാവകാശം അവഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഒരാൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു എന്ന കാരണത്താൽ മാത്രം ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശം അവഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. യു.പി ഗുണ്ടാ ആക്‌ട് പ്രകാരം മൂന്ന് പേർക്കെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയയും അഹ്സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
സിവിൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട സിവിൽ കേസിൽ തങ്ങളെ തെറ്റായി പ്രതിചേർത്തെന്ന് വാദിച്ച ജയ് കിഷൻ, കുൽദീപ് കത്താര, കൃഷ്ണ കതാര എന്നിവർക്കെതിരെ യു.പി പോലീസ് ആഗ്ര ജില്ലയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള പൗരന്റെ മൗലികാവകാശത്തിൻമേൽ, 1986ലെ ഉത്തർപ്രദേശ് ഗുണ്ടാസംഘങ്ങളെയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും (തടയൽ) നിയമം പോലുള്ള കർശനമായ വകുപ്പുകൾ പ്രയോഗിക്കാൻ പൊലീസിന് ‘അനിയന്ത്രിതമായ വിവേചനാധികാരം’ നൽകാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രസ്തുത നിയമത്തിൽ 10 വർഷം വരെ ശിക്ഷ, വസ്തുവകകൾ കണ്ടുകെട്ടൽ, ഇതിനായി രൂപീകരിച്ച പ്രത്യേക കോടതികളിൽ ക്യാമറാ വിചാരണ എന്നിവ ഉൾപ്പെടുന്നു.
‘ആത്യന്തികമായി, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഒരു വ്യക്തിക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു എന്ന കാരണത്താൽ അവഗണിക്കാനാവില്ല. നിയമം പ്രയോഗിക്കുമ്പോൾ ബന്ധപ്പെട്ട അധികാരികൾക്ക് അനിയന്ത്രിതമായ ഏതെങ്കിലും വിവേചനാധികാരം നൽകുന്നത് ബുദ്ധിശൂന്യമാണ്. ഒരു വ്യവസ്ഥ കൂടുതൽ കർശനമാവുന്നപക്ഷം അത് കർശനമായി വ്യാഖ്യാനിക്കുന്നതിനുള്ള ഊന്നലും ആവശ്യകതയും വർധിക്കും -ബെഞ്ച് ഒരു വിധിന്യായത്തിൽ പറഞ്ഞു.
ജയ് കിഷൻ, കുൽദീപ് കത്താര, കൃഷ്ണ കത്താര എന്നീ മൂന്ന് പേർക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കാൻ വിസമ്മതിച്ച അലഹബാദ് ഹൈകോടതിയുടെ 2024 ജനുവരി 17 ലെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.
രണ്ട് കുടുംബങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് മൂന്ന് മുൻകൂർ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തുവെന്നും ആരോപണങ്ങൾ സിവിൽ സ്വഭാവമുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. നിയമപ്രകാരമുള്ള നടപടികൾ റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

