Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹഥ് രസ് ബലാത്സംഗം: മൃതദേഹം പൊലീസ് ബലമായി സംസ്കരിച്ചു; പ്രതിഷേധിച്ച് കുടുംബം

text_fields
bookmark_border
അവസാനമായി വീട്ടിൽ കൊണ്ടുപോകണമെന്ന ആവശ്യം പരിഗണിച്ചില്ല
ഹഥ് രസ് ബലാത്സംഗം: മൃതദേഹം പൊലീസ് ബലമായി സംസ്കരിച്ചു; പ്രതിഷേധിച്ച് കുടുംബം
cancel

ലഖ്നോ: യു.പിയിലെ ഹഥ് രസിൽ സവർണർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു. കുടുംബത്തിന്‍റെ പ്രതിഷേധം വകവെക്കാതെയാണ് പുലർച്ചെ മൂന്നോടെ സംസ്കാരം നടത്തിയത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പരിഗണിക്കാതെ പൊലീസ് ബലമായി സംസ്കരിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ രാത്രി 10.10ഓടെയാണ് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം പൊലീസിന് വിട്ടുനൽകിയത്. നീതി ലഭിക്കുംവരെ മൃതദേഹം സംസ്കരിക്കില്ലെന്നായിരുന്നു കുടുംബത്തിന്‍റെ നിലപാട്. തുടർന്നാണ് പൊലീസ് ബലമായി സംസ്കാരം നടത്തിയത്. തങ്ങളുടെ അനുവാദമില്ലാതെയാണ് പൊലീസ് മൃതദേഹം കൊണ്ടുപോയതെന്ന് പെൺകുട്ടിയുടെ പിതാവും സഹോദരനും ആരോപിച്ചു.

സഫ്ദർജങ് ആശുപത്രിക്ക് മുന്നിൽ ഇന്നലെ ഭീം ആർമിയുടെയും കോൺഗ്രസിന്‍റെയും പ്രതിഷേധം നടന്നിരുന്നു. കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ അണിചേർന്നു.

എന്നാൽ, വിഷയം മറ്റ് ചിലർ ചേർന്ന് ഹൈജാക്ക് ചെയ്യുകയാണെന്നും പെൺകുട്ടിയുടെ കുടുംബം പ്രതിഷേധത്തിൽ ചേർന്നിട്ടില്ലെന്നുമാണ് ഡൽഹി പൊലീസ് അവകാശപ്പെട്ടത്.


വൻ പൊലീസ് സന്നാഹത്തോടെയാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. പെൺകുട്ടിയുടെ വീടിന് സമീപം തന്നെ സംസ്കാരത്തിനുള്ള താൽക്കാലിക സൗകര്യം യു.പി പൊലീസ് ഒരുക്കിയിരുന്നു. എത്രയും വേഗം മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു പൊലീസ് നിലപാട്. എന്നാൽ, നീതി ലഭ്യമായാൽ മാത്രമേ സംസ്കരിക്കൂവെന്ന് കുടുംബം നിലപാടെടുത്തു. ഹിന്ദു മതവിശ്വാസപ്രകാരം രാത്രി സംസ്കരിക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും പൊലീസ് പരിഗണിച്ചില്ല. നാട്ടുകാരും പൊലീസിനെതിരെ രംഗത്തെത്തിയതോടെ സംഘർഷഭരിത സാഹചര്യമായി.

സെപ്​റ്റംബർ 14ന്​ വൈകീട്ടാണ് കുടുംബാംഗങ്ങൾക്കൊപ്പം​ പുല്ലുവെട്ടാൻ പോയ പെൺക​ുട്ടിയെ നാലംഗ സംഘം ദുപ്പട്ടകൊണ്ട്​ കഴുത്ത്​ മുറുക്കി പാടത്തിലൂടെ വലിച്ചിഴച്ച്​ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്​ ഇരയാക്കിയത്. മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ്​ പാടത്തിനരികിൽ അബോധാവസ്ഥയിൽ ​കിടക്കുന്ന പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ നാവ്​ കടിച്ചു മുറിച്ചെടുത്ത നിലയിലായിരുന്നു. സുഷുമ്ന നാഡിക്കും പരിക്കേറ്റിരുന്നു.

സംഭവത്തിൽ നാലു പ്രതികളെയും പൊലീസ്​ അറസ്​റ്റു ചെയ്​തിട്ടുണ്ട്​. ആദ്യഘട്ടത്തിൽ പൊലീസ്​ നടപടി എടുത്തില്ലെന്ന പരാതി ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story