Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിലിഭിത്തിലെ വോട്ട് തട്ടിപ്പ് യു.പിയിൽ വ്യാപക പരിശോധനക്ക് കമീഷൻ നിർദേശം

text_fields
bookmark_border
ഏ​​പ്രി​ൽ പ​ത്തി​ന് ശേ​ഷ​മു​ള്ള ര​ജി​സ്ട്രേ​ഷ​നു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റു​ടെ നി​ർ​ദേ​ശം
പിലിഭിത്തിലെ വോട്ട് തട്ടിപ്പ് യു.പിയിൽ വ്യാപക പരിശോധനക്ക് കമീഷൻ നിർദേശം
cancel

ലഖ്നോ: പിലിഭിത്തിലെ വോട്ടർപട്ടിക വിവാദത്തിനു പിന്നാലെ ഉത്തർപ്രദേശിലെ വോട്ടർ രജിസ്ട്രേഷൻ എൻട്രികൾ വീണ്ടും പരിശോധനക്ക് വിധേയമാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഉത്തരവ്. വോട്ടർപട്ടിക തീവ്ര പരിശോധന സമാപിച്ച ഏപ്രിൽ പത്തിന് ശേഷം കമ്പ്യൂട്ടർ അസിസ്റ്റന്റുമാർ രേഖപ്പെടുത്തിയ എല്ലാ വോട്ടർ രജിസ്ട്രേഷൻ ഫോമുകളും പുനഃപരിശോധിക്കാൻ സി.ഇ.ഒ നവ്ദീപ് റിൻവയാണ് നിർദേശിച്ചത്. വോട്ടർ പട്ടികയിൽ ക്രമക്കേട് കണ്ടെത്തിയാൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർക്കും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

പിലിഭിത്തിൽ റിപ്പോർട്ട് ചെയ്ത ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ ഏപ്രിൽ പത്തിനുശേഷം ലഭിച്ച ആറ്, ഏഴ്, എട്ട് ഫോമുകളുടെ സൂക്ഷ്മപരിശോധന നടത്താൻ ഡിവിഷനൽ കമീഷണർമാർ, ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാർ ഉൾപ്പെടെയുള്ളവരുടെ യോഗത്തിൽ സി.ഇ.ഒ ആവശ്യപ്പെട്ടു. പിലിഭിത്ത് മണ്ഡലത്തിലേതിനു സമാനമായ ക്രമക്കേടുകൾ മറ്റിടങ്ങളിൽ ആവർത്തിക്കാതിരിക്കാനും വീഴ്ചകൾ കണ്ടെത്താനുമാണ് പരിശോധനക്ക് നിർദേശിച്ചത്.

പിലിഭിത്ത് മണ്ഡലത്തിൽ വ്യാപക ക്രമക്കേടുകളിലൂടെ 13,150 വോട്ടർമാരുടെ പേരുകൾ മാറ്റിയതായി ഒരാഴ്ച മുമ്പാണ് കോൺഗ്രസ് ആരോപിച്ചത്. വോട്ടർ ഐ.ഡി നമ്പറും സീരിയൽ നമ്പറും നിലനിർത്തി, വോട്ടറുടെ പേരുമാറ്റി കൃത്രിമം നടത്തിയെന്നാണ് കണ്ടെത്തൽ. പിന്നാലെ, വീഴ്ച തെരഞ്ഞെടുപ്പ് കമീഷനും ശരിവെച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർക്കെതിരെ നടപടിയെടുക്കാനും കമീഷൻ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ മേയ് 31 മുതൽ ആഗസ്റ്റ് 29 വരെയുള്ള കാലയളവിൽ വോട്ടർമാരുടെ വിവരങ്ങൾ തിരുത്തപ്പെട്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. യഥാർഥ അപേക്ഷകളോ, അനുബന്ധ രേഖകളോ ഇല്ലാതെ ഫോം എട്ട് രേഖപ്പെടുത്തിയാണ് 13,150 വോട്ടുകളിൽ കമ്പ്യൂട്ടർ അസിസ്റ്റൻറ് തിരുത്തിയതെന്നാണ് റിപ്പോർട്ട്.

ക്രമക്കേടുകളിൽ ഭൂരിഭാഗവും മുസ്‍ലിം വോട്ടർമാരെയാണ് ബാധിച്ചതെന്നാണ് കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ആരോപിക്കുന്നത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗുരുതര ക്രമക്കേട് പുറത്തുവരുന്നത്. 2022 തെരഞ്ഞെടുപ്പിൽ ഏഴായിരത്തിൽ താഴെ വോട്ടിന് ബി.ജെ.പി സ്ഥാനാർഥി സഞ്ജയ് സിങ് ഗങ്വാറാണ് പിലിഭിത്തിൽ ജയിച്ചത്. വോട്ടർപട്ടികയിലെ ക്രമക്കേടിന് ഇ.ആർ.ഒ, അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ, കമ്പ്യൂട്ടർ അസിസ്റ്റന്റുമാർ എന്നിവർ ഉത്തരവാദികളായിരിക്കുമെന്ന് യു.പി സി.ഇ.ഒ മുന്നറിയിപ്പ് നൽകി. കൃത്യമായ മേൽനോട്ടം വഹിക്കാത്തതിന്റെ പേരിൽ ജില്ല തെരഞ്ഞെടുപ്പ് ഓഫിസർക്കെതിരെ നടപടിയുണ്ടാവുമെന്നും വ്യക്തമാക്കി.

കമീഷൻ വെബ്സൈറ്റായ ‘ഇറോനെറ്റ്’ ലോഗിൻ ഐ.ഡിയും പാസ്വേഡും സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും മറ്റാർക്കും കൈമാറരുതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് അധികൃതർ നിർദേശിച്ചു. തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തിറങ്ങിയതിനു പിന്നാലെ, സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിച്ച് വിശ്വാസ്യത വീണ്ടെടുക്കാനുള്ള ശ്രമമായാണ് യു.പി സി.ഇ.ഒയുടെ ഇടപെടലിനെ വിലയിരുത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UP Orders Fresh Voter Registration Checks
Next Story