ഓഫിസിൽവെച്ച് കീഴ്ജീവനക്കാരിയെ കടന്നുപിടിച്ച ഉത്തർപ്രദേശിലെ അണ്ടർ സെക്രട്ടറി അറസ്റ്റിൽ
text_fieldsലഖ്നോ: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കീഴ്ജീവനക്കാരിയെ ഓഫിസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഉത്തർപ്രദേശിലെ അണ്ടർ സെക്രട്ടറിതല ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ലഖ്നോ സെക്രേട്ടറയേറ്റിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ ചുമതല വഹിക്കുന്ന ഇച്ചാ റാം യാദവിനെയാണ് ഹുസൈൻഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 30 വയസ്സുള്ള, വിവാഹിതയായ ജീവനക്കാരിയെ ഇച്ചാ റാം യാദവ് ഓഫിസിൽ വെച്ച് കടന്നുപിടിക്കാൻ ശ്രമിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി. ജീവനക്കാരി തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഇച്ചാ റാം യാദവിനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാഞ്ഞതിനെ തുടർന്നാണ് അവർ വീഡിയോ പുറത്തുവിട്ടത്.
2013 മുതല്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററാണ് യുവതി. 2018 മുതല്‍ ഇച്ചാ റാം യാദവ് ജോലി സ്ഥിരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പറയുന്നു. ലഖ്നോവിലെ വകുപ്പ് ആസ്ഥാനത്ത് നാലാം നിലയിലുള്ള ഓഫിസിൽവെച്ചാണ് പീഡനശ്രമം നടന്നിരിക്കുന്നത്. യുവതി ശക്തമായി എതിര്‍ത്തിട്ടും ഇച്ചാ റാം യാദവ് തുടര്‍ച്ചയായി ജീവനക്കാരിയെ ചേര്‍ത്തുപിടിക്കാനും ചുംബിക്കാനും ശ്രമിക്കുന്നതിന്‍റെയും ശരീരത്തില്‍ സ്പര്‍ശിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.
ഒരു ഘട്ടത്തില്‍ ജീവനക്കാരി കരയുന്നുണ്ടെങ്കിലും കണ്ട ഭാവം നടിക്കാതെ വീണ്ടും ഇയാൾ പീഡനശ്രമം തുടരുന്നുണ്ട്. ഇതിനെ തുടർന്ന് ഒക്ടോബർ 29ന് പൊലീസിൽ പരാതി നൽകി. തെളിവായി വിവിധ വീഡിയോ ക്ലിപ്പുകളും പൊലീസിന് കൈമാറി. എന്നാൽ, ഉന്നത ഉദ്യോഗസ്ഥനെന്ന നിലയിൽ ആദ്യഘട്ടത്തിൽ പൊലീസ് നടപടിയെടുക്കാൻ മടിച്ചു. തുടർന്നാണ് യുവതി വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതോടെ നടപടിയെടുക്കാത്ത പൊലീസിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് ഇച്ചാ റാം യാദവ് ലോക്കപ്പിൽ കിടക്കുന്ന ഫോട്ടോ ഉത്തർ പ്രദേശ് മുഖ്യമന്ത്രി ഓഫിസിലെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

