Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളെ ബുദ്ധിമുട്ടിക്കേണ്ട; 80-ാം വയസ്സിൽ സ്വന്തം മരണാനന്തര ചടങ്ങുകൾ നടത്തി യു.പി സ്വദേശി

text_fields
bookmark_border
news
cancel
camera_altഫോട്ടോ കടപ്പാട് ന്യൂസ് 18

ലഖ്‌നൗ: മരണശേഷം മകൾക്ക് മരണാനന്തര ചടങ്ങുകളുടെ ഉത്തരവാദിത്തം വരരുതെന്ന ആഗ്രഹത്തിൽ ജീവിച്ചിരിക്കെ സ്വന്തം ചടങ്ങുകൾ നടത്തി 80കാരൻ. ഉത്തർപ്രദേശിലെ ബാഗ്പത്ത് സ്വദേശിയായ ബൽജോർ സിങ്ങാണ് വ്യത്യസ്തമായ ചടങ്ങ് സംഘടിപ്പിച്ചത്. പിതാവിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ഏക മകൾ പിങ്കിയും പ്രതികരിച്ചു.

ഉത്തരേന്ത്യൻ ഹിന്ദു ആചാരപ്രകാരം ഒരാൾ മരിച്ച് പതിമൂന്നാം ദിവസം നടത്തുന്ന മരണാനന്തര ചടങ്ങായ 'തെഹ്ർവി'യാണ് ബൽജോർ സിങ് നടത്തിയത്. ഹവനം (ഹോമം) ഉൾപ്പെടെയുള്ള മതപരമായ ചടങ്ങുകളും ബന്ധുക്കൾക്കും നാട്ടുകാർക്കുമുള്ള സദ്യയും ഇതിന്റെ ഭാഗമാണ്. സാധാരണയായി മരിച്ചയാളുടെ മകനാണ് ചടങ്ങുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.

എന്നാൽ തനിക്ക് ആൺമക്കളില്ലാത്തതിനാൽ മരണശേഷം ഈ ഉത്തരവാദിത്തങ്ങളെല്ലാം ഏക മകളുടെ ചുമലിലാകരുതെന്ന് കരുതിയാണ് ബൽജോർ സിങ് സ്വന്തം പതിമൂന്നാം ചടങ്ങ് ജീവിച്ചിരിക്കെ നടത്താൻ തീരുമാനിച്ചത്.

"എനിക്ക് മകനില്ല. അതിനാൽ ഈ ഉത്തരവാദിത്തങ്ങൾ മകളെ ഏൽപ്പിക്കേണ്ടതില്ലെന്ന് തോന്നി. അതുകൊണ്ടാണ് ജീവിച്ചിരിക്കുമ്പോൾ തന്നെ ചടങ്ങുകൾ നടത്തുന്നത്", ബൽജോർ സിങ് പറഞ്ഞു.

ഞായറാഴ്ച പരമ്പരാഗത ആചാരപ്രകാരം ഹവനം നടത്തി. തുടർന്ന് സംഘടിപ്പിച്ച സദ്യയിൽ ഏകദേശം 900 പേർ പങ്കെടുത്തു. എട്ട് പാചകക്കാരെയാണ് ഭക്ഷണം തയ്യാറാക്കാൻ നിയോഗിച്ചത്. പൂരി, പച്ചക്കറി കറി, മധുരപലഹാരങ്ങൾ എന്നിവയായിരുന്നു വിഭവങ്ങൾ.

ചടങ്ങിനിടെ പത്തുവയസ്സുകാരനായ കൊച്ചുമകൻ മുകുലിന്റെ തലയിൽ ബൽജോർ സിങ് തലപ്പാവ് കെട്ടുകയും ചെയ്തു. തന്റെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ കൊച്ചുമകനിലേക്ക് കൈമാറുന്നതിന്റെ പ്രതീകമായിരുന്നു ഇത്. തനിക്കുള്ള രണ്ട് ബിഘ ഭൂമി (ഏക്കർ) നേരത്തെ തന്നെ കൊച്ചുമകന് നൽകിയതായും അദ്ദേഹം പറഞ്ഞു.

പിതാവിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നാണ് മകൾ പിങ്കിയുടെ പ്രതികരണം. "ഞാൻ അദ്ദേഹത്തിന്റെ ഏക മകളാണ്. എനിക്ക് സഹോദരന്മാരില്ല. പിതാവ് ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം പതിമൂന്നാം ചടങ്ങ് നടത്തുന്നതിൽ സന്തോഷം തോന്നുന്നു", പിങ്കി പറഞ്ഞു.

ബാഗ്പത്ത് ജില്ലയിലെ ബറൗത്ത് തഹസിലിന് കീഴിലുള്ള ജോഹ്രി ഗ്രാമത്തിലാണ് വ്യത്യസ്തമായ ചടങ്ങ് നടന്നത്. ഗ്രാമവാസികൾക്കിടയിലും സംഭവം ശ്രദ്ധ നേടിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Don't want to burden my daughter: 80-year-old UP native performs his own funeral rites
Next Story