'നാല് ദിവസത്തേക്ക് ഫ്രീസറിൽ വെക്കൂ, വീട്ടിലൊരു വിവാഹമുണ്ട്'; യു.പിയിൽ വൃദ്ധസദനത്തിൽ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാതെ മകൻ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ജൗൻപൂരിൽ വീട്ടിൽ വിവാഹ ചടങ്ങ് നടക്കുന്നതിനാൽ വൃദ്ധസദനത്തിൽ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് മകൻ. വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീർഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോൾ, മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറിൽ സൂക്ഷിക്കാൻ മകൻ ജീവനക്കാരോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
'എന്റെ അമ്മയുടെ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറിൽ സൂക്ഷിക്കൂ. വീട്ടിൽ ഇപ്പോൾ ഒരു വിവാഹമുണ്ട്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭമായിരിക്കും. വിവാഹത്തിന് ശേഷം കൊണ്ടുപോകാം' എന്നായിരുന്നു മകൻ ജീവനക്കാരോട് പറഞ്ഞതെന്ന് വൃദ്ധസദനത്തിന്‍റെ അധികൃതർ പറഞ്ഞു. ഇതേത്തുടർന്ന്, ജീവനക്കാർ മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ഒടുവിൽ അവർ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
എന്നാൽ നാല് ദിവസത്തിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂവെന്ന് ബന്ധുക്കൾ അറിയിച്ചതായി ശോഭ ദേവിയുടെ ഭർത്താവ് ഭുവാൽ ഗുപ്ത പറഞ്ഞു. ഭുവാൽ ഗുപ്ത ഒരു പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യക്കും മക്കൾക്കുമൊപ്പം കെപിയർഗഞ്ചിലെ ഭരോയ ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരു വർഷം മുമ്പ് കുടുംബ തർക്കത്തെ തുടർന്നാണ് മൂത്ത മകൻ തങ്ങളെ വീട്ടിൽ നിന്ന് പുറത്താക്കിയതെന്ന് ഭുവാൽ പറയുന്നു.
പലസ്ഥലങ്ങളിൽ അലഞ്ഞ ശേഷമാണ് വൃദ്ധസദനത്തിൽ എത്തുന്നത്. ശോഭ ദേവിക്ക് ഏതാനും മാസങ്ങൾക്ക് മുമ്പാണ് കാലിന് അസുഖം ബാധിച്ചത്. നവംബർ 19ന് അവരുടെ നില വഷളായി. ചികിത്സ പൂർത്തിയാകുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. ഭുവാൽ തന്റെ ഇളയ മകനെ വിവരമറിയിച്ചെങ്കിലും 'മൂത്ത സഹോദരനുമായി ആലോചിച്ച ശേഷമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ' എന്നാണ് അയാൾ പറഞ്ഞത്.
മകന്റെ വിവാഹം നടക്കുന്നതിനാൽ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറിൽ സൂക്ഷിക്കണമെന്ന് മൂത്ത സഹോദരൻ പറഞ്ഞുവെന്ന് അയാൾ പിന്നീട് അറിയിച്ചു. ദമ്പതികളുടെ മൂത്തമകനുമായി സംസാരിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് വൃദ്ധസദനത്തിന്‍റെ അധികൃതർ അറിയിച്ചു. ഇളയ മകനുമായി മാത്രമേ ശോഭ ദേവിക്കും ഭർത്താവിനും ബന്ധമുണ്ടായിരുന്നുള്ളൂവെന്നും ഇടക്കിടെ അവരുടെ ക്ഷേമം അന്വേഷിക്കാൻ അദ്ദേഹം വിളിക്കുമായിരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

