Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ രോഗിയായ...

യു.പിയിൽ രോഗിയായ ഭാര്യയെ കൈവണ്ടിയിൽ കൊണ്ടുപോകുന്ന വയോധികൻ; വിഡിയോ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവ്

text_fields
bookmark_border
യു.പിയിൽ രോഗിയായ ഭാര്യയെ കൈവണ്ടിയിൽ കൊണ്ടുപോകുന്ന വയോധികൻ; വിഡിയോ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവ്
cancel
camera_alt

രോഗിയായ ഭാര്യയെ കൊണ്ടുപോകുന്ന വയോധികൻ

ലഖ്‌നോ: ഉത്തർപ്രദേശിലെ ബറേലിയിൽ ആരോഗ്യരംഗത്തെ അനാസ്ഥ തുറന്നുകാട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസുഖബാധിതയായ ഭാര്യയെ വയോധികൻ കൈവണ്ടിയിൽ കയറ്റി കൊണ്ടുപോകേണ്ടി വന്ന സംഭവത്തിൽ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് അന്വേഷണത്തിന് ഉത്തരവിട്ടു. ദയനീയാവസ്ഥ വ്യക്തമാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പൊതുജനരോഷം ശക്തമാവുകയും ചെയ്തതോടെയാണ് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയത്.

ആരോഗ്യവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സംഭവത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തി. "രോഗികൾ ദൈവതുല്യരാണ്. അവരുടെ പരിചരണത്തിലോ സേവനത്തിലോ ഉണ്ടാകുന്ന ഏതൊരു വീഴ്ചയും തികച്ചും അസ്വീകാര്യമാണ്. ഇത്തരമൊരു അനാസ്ഥ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ല. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ സാധ്യമായ ഏറ്റവും കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കും," അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാർക്ക് ചികിത്സാ സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം ആവർത്തിക്കാതിരിക്കാൻ കൃത്യമായ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബറേലി ജില്ലാ മജിസ്‌ട്രേറ്റ് അവിനാഷ് സിങ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം. മെഡിക്കൽ ഹെൽത്ത് ഡയറക്ടർ ജനറൽ ഡോ. പവൻ കുമാർ അരുണിന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രാഥമിക നടപടിയെന്നോണം, വീഴ്ച വരുത്തിയതായി കണ്ടെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡിനെ ഉടനടി ജോലിയിൽ നിന്ന് നീക്കം ചെയ്തു. കൂടുതൽ ജീവനക്കാർക്കെതിരെ വരുംദിവസങ്ങളിൽ നടപടിയുണ്ടാകുമെന്നാണ് സൂചന.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ബറേലി ജില്ലാ ആശുപത്രി അധികൃതർ രംഗത്തെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി രോഗി ചികിത്സയിലായിരുന്നുവെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ഉന്നത കേന്ദ്രത്തിലേക്ക് റെഫർ ചെയ്തെന്നുമാണ് അധികൃതരുടെ വാദം. ഭർത്താവ് ആശുപത്രി ജീവനക്കാരെ അറിയിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ഭാര്യയെ കൊണ്ടുപോവുകയായിരുന്നുവെന്നും അധികൃതർ ആരോപിക്കുന്നു.

എന്നാൽ, ആശുപത്രിയുടെ ഈ വാദങ്ങൾ സംശയാസ്പദമാണ്. രോഗിയെ റെഫർ ചെയ്തത് സംബന്ധിച്ച ഔദ്യോഗിക രേഖകളോ ഡിസ്ചാർജ് സ്ലിപ്പോ ഹാജരാക്കാൻ ആശുപത്രി അഡീഷണൽ സൂപ്രണ്ട് ഡോ. ആർ.സി. ദീക്ഷിത്തിന് സാധിച്ചിട്ടില്ല. മതിയായ ആംബുലൻസ് സൗകര്യമോ മറ്റ് സഹായങ്ങളോ നൽകാത്തതിനാലാണ് തനിക്ക് കൈവണ്ടിയെ ആശ്രയിക്കേണ്ടി വന്നതെന്ന് വയോധികൻ പറയുന്നു. സർക്കാർ ആശുപത്രിയിലെ ഈ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Departmentmedical negligenceProbeUttar PradeshBrajesh Pathak
News Summary - UP man carries ailing wife from govt hospital in cart, viral video sparks probe
Next Story