വിവാഹിതയായിരിക്കെ മറ്റൊരാളുമായി ബന്ധം; യുവതിയുടെ അവിഹിതബന്ധത്തിന് സംരക്ഷണം നൽകാനാവില്ല -അലഹാബാദ് ഹൈകോടതി
text_fieldsപ്രയാഗ്രാജ്: ലിവ് ഇൻ റിലേഷൻഷിപ്പിലുള്ള ദമ്പതികൾക്ക് സംരക്ഷണം നൽകാൻ വിസമ്മതിച്ച് അലഹബാദ് ഹൈകോടതി. നിയമപരമായി വിവാഹബന്ധം നിലനിൽക്കെ മറ്റൊരാളുമായുള്ള ബന്ധത്തിന് സംരക്ഷണം നൽകാനാവില്ലെന്ന് ഹൈകോടതി അറിയിച്ചു. ഹിന്ദുമാരേജ് ആക്ട് പ്രകാരം ഇത് സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി.
സംരക്ഷണം ആവശ്യപ്പെട്ട് യുവതി നൽകിയ റിട്ട് ഹരജി തള്ളിയാണ് ജസ്റ്റിസ് വിവേക് കുമാർ സിങ്ങിന്റെ ഉത്തരവ്. അവിഹിതബന്ധത്തിന് കോടതി സംരക്ഷണം നൽകുന്നത് ഇന്ത്യയുടെ സാമൂഹികഘടനക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി. അവർക്ക് സംരക്ഷണം നൽകാൻ നിർദേശിക്കുന്നത് വഴി അവിഹിത ബന്ധത്തിന് നിയമപരമായ സാധുത നൽകുകയാവും ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു.
തങ്ങളുടെ സമാധാനപരമായ ജീവിതത്തിന് വിഘാതം നിൽക്കുന്നതിൽ നിന്ന് യുവതിയുടെ ഭർത്താവിനേയും പൊലീസിനേയും തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാൽ, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മറ്റൊരാളുടെ അവകാശം ഇല്ലാതാക്കാനാവില്ലെന്നും യുവതിയുടെ ലിവ് ഇൻ റിലേഷൻഷിപ്പ് നിയമപരമായ സംരക്ഷണം നൽകാനാവില്ലെന്നും അലഹബാദ് ഹൈകോടതി വ്യക്തമാക്കി.
ഭർത്താവുമായി എന്തെങ്കിലും അഭിപ്രായഭിന്നതകൾ ഉണ്ടെങ്കിൽ ആദ്യം വിവാഹമോചനത്തിന് അപേക്ഷ നൽകുകയാണ് യുവതി ചെയ്യേണ്ടിയിരുന്നത്. നിയമപ്രകാരം അതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ നിയമപരമായ സംരക്ഷണത്തിന് യുവതിക്ക് അർഹതയില്ലെന്ന് അലഹബാദ് ഹൈകോടതി വ്യക്തമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

