യു.പിയിൽ വിവാഹ യാത്രക്കിടെ വരനെ വെടിവെച്ച് കൊന്നു; വധുവിന്റെ ബന്ധുക്കളാണ് പ്രതികളെന്ന് പൊലീസ്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ജോൻപൂരിൽ വിവാഹ ഘോഷയാത്രക്കിടെ വരനെ വെടിവെച്ച് കൊന്നു. വരനായ ആസാദ് ബിന്ദ് ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വധുവിന്റെ ബന്ധുവിൽനിന്ന് വധ ഭീഷണി നേരിട്ടിരുന്നതായി യുവാവിന്റെ കുടുംബം ആരോപിച്ചു.
വെള്ളിയാഴ്ച വൈകിട്ട് വരന്റെ വീട്ടിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെ ദേശീയപാത 135 -എയിലാണ് ആക്രമണം നടന്നത്. അലങ്കരിച്ച കാറിൽ സഞ്ചരിച്ചിരുന്ന വരനെ ബൈക്കിലെത്തിയ അക്രമികൾ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് വെടിയുതിർത്തു. ആസാദിന്റെ നെഞ്ചിലും താടിയെല്ലിലുമാണ് വെടിയേറ്റത്.
ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. വധുവിന്റെ കുടുംബത്തിലെ ചിലർ വിവാഹത്തിന് എതിർപ്പ് രേഖപ്പെടുത്തിയിരുന്നതായി പൊലീസ് സൂപ്രണ്ട് കുൻവർ സിങ് പറഞ്ഞു. വധുവിന്റെ ബന്ധുവായ പ്രദീപ് ബിന്ദ്, രവി യാദവ്, ഭോലെ രാജ്ഭർ എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള പ്രദീപ് ബിന്ദിന് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നതായും ഇയാൾ വധഭീഷണി മുഴക്കിയിരുന്നതായും പൊലീസ് പറഞ്ഞു. മൂന്നുപേരും നിലവിൽ ഒളിവിലാണ്.
‘ബൈക്കിൽ രണ്ടോ മൂന്നോ പേരുണ്ടായിരുന്നു. അവരുടെ മുഖം മൂടിയിരുന്നു. നമ്പർ പ്ലേറ്റ് തുണികൊണ്ട് മറച്ചിരുന്നു. വരന് നേരെ വെടിയുതിർത്ത ശേഷം അവർ രക്ഷപ്പെട്ടു’ -കാറിലുണ്ടായിരുന്ന വരൻറെ ബന്ധു പറഞ്ഞു. വെടിയേറ്റ് നിമിഷങ്ങൾക്കകം ആസാദ് ബോധരഹിതനായി. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആസാദ് മരിച്ചു.
ആക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി കുടുംബം പറഞ്ഞു. അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് രണ്ടുദിവസം മുമ്പ് കേട്ടിരുന്നു. പൊലീസിൽ അറിയിക്കാൻ പോലും ആലോചിച്ചിരുന്നു’ -ബന്ധുക്കൾ പറയുന്നു.
പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് കനത്ത സുരക്ഷയും ഏർപ്പെടുത്തി. ആസാദിന്റെ ശരീരത്തിൽ രണ്ടു വെടിയുണ്ടകൾ ഏറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

