തനിക്കെതിരെ ഗൂഢാലോചന നടന്നു, യു.പിയിൽ രാജിവെച്ച മജിസ്ട്രേറ്റ്
text_fieldsബറേലി: തനിക്കെതിരെ ഗൂഢാലോചന നടന്നതായി യു.പിയിൽ രാജി സമർപ്പിച്ച മജിസ്ട്രേറ്റ് അലങ്കാർ അഗ്നിഹോത്രി. സംസ്ഥാന സർക്കാർതന്നെ സസ്‌പെൻഡ് ചെയ്തതിനോട് പ്രതികരിക്കാനില്ല. കഴിഞ്ഞ ദിവസംതന്നെ രാജി സമർപ്പിച്ചിരുന്നെന്നും ബറേലി സിറ്റി മജിസ്ട്രേറ്റായിരുന്ന അഗ്നിഹോത്രി വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി ജില്ല മജിസ്‌ട്രേറ്റിന്റെ ഓഫിസിലിരിക്കുമ്പോൾ തന്നെക്കുറിച്ചുള്ള അവഹേളനപരമായ പരാമർശം കേട്ടതായി അദ്ദേഹം പറഞ്ഞു. ഫോണിൽ സ്പീക്കർ മോഡിലാണ് സംസാരം കേട്ടത്. ആരാണ് ഇത്തരം പരാമർശം നടത്തിയത് എന്ന കാര്യം അന്വേഷിക്കുമെന്ന് അഗ്നിഹോത്രി വാർത്ത ലേഖകരോട് പറഞ്ഞു. 2019 ബാച്ച് പ്രൊവിൻഷ്യൽ സിവിൽ സർവിസ് ഉദ്യോഗസ്ഥനാണ് അഗ്നിഹോത്രി. യൂനിവേഴ്‌സിറ്റി ഗ്രാന്റ്സ് കമീഷന്റെ (യു.ജി.സി) പുതിയ ചട്ടങ്ങൾ കാമ്പസുകളിൽ ജാതി വേർതിരിവ് വളർത്തുമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
ജാതി വിവേചന പ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ വിദ്യാർഥികൾക്കായി, പ്രത്യേകിച്ച് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിൽ പെട്ടവർക്കായി സമിതികൾ ഉണ്ടാക്കണമെന്നായിരുന്നു യു.ജി.സി നിർദേശം. ഉത്തരാഖണ്ഡ് ജ്യോതിഷ് പീഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദിനെ പ്രയാഗ് രാജിൽ നടന്ന മാഗ് മേളയിൽ ത്രിവേണി സംഗമത്തിൽ മുങ്ങുന്നത് തടഞ്ഞ പ്രാദേശിക ഭരണകൂടത്തിന്റെ നടപടിയും അഗ്നിഹോത്രി ചോദ്യം ചെയ്തിരുന്നു. സംസ്ഥാനത്താകെ ബ്രാഹ്മണ വിരോധം നിലനിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അഗ്നിഹോത്രിയുടെ രാജി സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിന് കാരണമായി.
യു.ജി.സി ചട്ടത്തിനെതിരെ പ്രതിഷേധവുമായി സവർണ സംഘടനകൾ
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനം തടയാൻ ലക്ഷ്യമിട്ട് തുല്യത സമിതി രൂപവത്കരിക്കുന്നതടക്കം യു.ജി.സിയുടെ പുതിയ ചട്ടങ്ങൾക്കെതിരെ സവർണ സംഘടനകളുടെ പ്രതിഷേധം. ഡൽഹിയിൽ യു.ജി.സി ആസ്ഥാനത്തിന് പുറത്തും യു.പിയിൽ ലഖ്നോവിലും വാരാണസിയിലും രാജസ്ഥാനിൽ ജയ്പൂരിലും പ്രതിഷേധം നടന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുല്യതാ പ്രോത്സാഹന ചട്ടങ്ങള്‍, 2026 ചോദ്യം ചെയ്ത് സുപ്രീംകോടതിയിലും ഹരജിയെത്തി. സവർണ സംഘടനകളുടെ പ്രതിഷേധം കനത്തതോടെ, നിയമം ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കൂടുതൽ വിശദീകരണം നൽകിയേക്കും.
യു.ജി.സി ചട്ടം പുറത്തിറക്കിയതിനു പിന്നാലെ എതിർപ്പുമായി ബ്രാഹ്‌മണ മഹാസഭയാണ് ആദ്യം രംഗത്തുവന്നത്. സവർണ വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ തെറ്റായ പരാതികള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതിഷേധ കാരണമായി പറയുന്നത്. ജയ്പൂരില്‍, കര്‍ണി സേന, ബ്രാഹ്‌മണ മഹാസഭ, കായസ്ത മഹാസഭ, വിവിധ വൈശ്യ സംഘടനകള്‍ സവര്‍ണ സമാജ് കോഓഡിനേഷന്‍ കമ്മിറ്റി എന്ന ബാനറില്‍ രംഗത്തുവന്നു. യതി നരസിംഹാനന്ദ് ഗിരി ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
സവര്‍ണ ജാതി വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ട് സ്വാമി ആനന്ദ് സ്വരൂപിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. കാമ്പസുകളിൽ തുല്യത സമിതികൾ രൂപവത്കരിക്കണമെന്നും പാലിക്കാത്ത സ്ഥാപനങ്ങൾക്ക് വിലക്ക് ഉൾപ്പെടെ ശിക്ഷാ നടപടികൾ വ്യവസ്ഥ ചെയ്യുന്ന ചട്ടം ജനുവരി 15നാണ് യു.ജി.സി പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

