Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘പതിറ്റാണ്ടിന്‍റെ...

‘പതിറ്റാണ്ടിന്‍റെ പോരാട്ടം വിഫലമാവുമോ? അഖ്‍ലാഖിനെ കൊന്ന ഗോരക്ഷക ഗുണ്ടകൾ സ്വതന്ത്രരാവുമോ?’; ആശങ്കയിൽ ജാൻ മുഹമ്മദ്

text_fields
bookmark_border
‘പതിറ്റാണ്ടിന്‍റെ പോരാട്ടം വിഫലമാവുമോ? അഖ്‍ലാഖിനെ കൊന്ന ഗോരക്ഷക ഗുണ്ടകൾ സ്വതന്ത്രരാവുമോ?’; ആശങ്കയിൽ ജാൻ മുഹമ്മദ്
cancel
camera_alt

മുഹമ്മദ് അഖ്‌ലാഖ്

ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് 50കാരനായ മുഹമ്മദ് അഖ്‌ലാഖിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് പിൻവലിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. ഒരു പതിറ്റാണ്ട് മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉത്തരേന്ത്യയെ പിടിച്ചുകുലുക്കിയ ആൾക്കൂട്ട കൊലപാതക കേസായിരുന്നു അത്. പശുവിനെ കൊന്ന് ഇറച്ചി വീട്ടിൽ സൂക്ഷിച്ചെന്ന് ആരോപിച്ച് മുസ്‍ലിംകളെ കൊല്ലുന്ന പ്രവണത വർധിച്ചുവരുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി അഖ്‌ലാഖിന്‍റെ കൊലപാതകം മാറി.

ഉത്തരേന്ത്യയിലെ ഗ്രാമത്തിൽനിന്ന് ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന നിലയിൽ അഖ്‌ലാഖിന്‍റെ കൊലപാതകം ചർച്ചയായി. ഇപ്പോൾ, വിചാരണ പുരോഗമിക്കുകയും കേസിലെ 18 പ്രതികളും സ്വതന്ത്രരായി വിഹരിക്കുകയും ചെയ്യുമ്പോൾ, കേസ് പിൻവലിക്കാൻ അപേക്ഷ സമർപ്പിക്കാനുള്ള യു.പി സർക്കാറിന്റെ തീരുമാനം മുഹമ്മദ് അഖ്‌ലാഖിന്‍റെ കുടുംബത്തെ ആശങ്കയിലും ഭയത്തിലും ആക്കിയിരിക്കുകയാണ്.

നീതിക്കായി പതിറ്റാണ്ടുകളായി അവർ നടത്തുന്ന പോരാട്ടമാണ് ചോദ്യചിഹ്നമാകുന്നത്. സർക്കാറിന്‍റെ തീരുമാനം അറിഞ്ഞതോടെ തന്‍റെ സഹോദരന് നീതി ലഭിക്കാൻ വേണ്ടി ജീവിതം മുഴുവൻ ചെലവഴിച്ച ജാൻ മുഹമ്മദിന്‍റെ മുഖത്ത് ഭയവും ആശങ്കയുമാണ്. ശക്തരോട് പോരാടാൻ ധൈര്യം കാണിച്ചവർ ചുരുക്കം ചിലർ മാത്രമാണെന്നും തങ്ങളും അവരിൽ ഉൾപ്പെടുന്നെന്നും അദ്ദേഹം പറയുന്നു.

അഖ്‌ലാഖിന്റെ കൊലപാതകം അത്തരം കേസുകളിലെ സംസ്ഥാനത്തിന്റെ പങ്കിനെക്കുറിച്ചും വർഷങ്ങളായി കോടതിയിൽ പോരാടുന്ന ന്യൂനപക്ഷങ്ങൾക്ക് നീതി ലഭിക്കുന്നതെങ്ങനെയെന്നുമുള്ള ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ആ കൊലപാതകത്തിന് ശേഷം ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഗ്രാമവാസികൾക്കിടയിലെ അകൽച്ച മാറിയിട്ടില്ല. ഇപ്പോഴും ആ സ്ഥലം ഭയാനകമായ നിശബ്ദതയാൽ മൂടപ്പെട്ടിരിക്കുകയാണ്. ഹിന്ദു-മുസ്‍ലിം കുട്ടികൾ ഒരുമിച്ച് കളിക്കുന്നതിനെക്കുറിച്ചു പോലും ഇന്ന് അവർക്ക് ചിന്തിക്കാനാവില്ല.

പ്രോസിക്യൂഷൻ കേസ് പിൻവലിക്കാൻ ആവശ്യപ്പെടുകയും പൊതുതാൽപര്യാർഥം കോടതി ഈ പിൻവലിക്കലിന് സമ്മതം നൽകുകയും ചെയ്താൽ, മുസ്‍ലിംകളെ ലക്ഷ്യമിട്ടുള്ള ഇത്തരം നിരവധി കേസുകൾക്ക് ഇത് ഭയാനകമായ മാതൃക സൃഷ്ടിക്കുമെന്ന് ഡൽഹി കലാപ കേസുകളിൽ കുറ്റം ചുമത്തപ്പെട്ട വ്യക്തികളെ പ്രതിനിധീകരിച്ച ക്രിമിനൽ അഭിഭാഷക സ്വാതി ഖന്ന പറയുന്നു. 'മതത്തിന്റെ അടിസ്ഥാനത്തിൽ ആൾക്കൂട്ടക്കൊല നടത്തിയ ആളുകൾക്ക് നമുക്ക് എങ്ങനെ സ്വതന്ത്രമായി കൈ കൊടുക്കാൻ കഴിയു'മെന്ന് അവർ ചോദിക്കുന്നു.

അഖ്‌ലാഖ് അഹമ്മദിന്റെ കേസുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ പിൻവലിക്കൽ അപേക്ഷ ഒക്ടോബർ 15നാണ് ബന്ധപ്പെട്ട കോടതിയിൽ സമർപ്പിച്ചതെന്ന് സർക്കാറിന്‍റെ അഭിഭാഷകൻ പറയുന്നു. അപേക്ഷയിൽ കോടതി ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും കേസ് കേൾക്കുന്നതിനുള്ള തീയതിയായി ഡിസംബർ 12 നിശ്ചയിച്ചതായും ഗൗതം ബുദ്ധ നഗറിലെ അഡീഷനൽ ജില്ല ഗവൺമെന്റ് കൗൺസൽ (എ.ഡി.ജി.സി) ഭാഗ് സിങ് ഭാട്ടി പറഞ്ഞു.

പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള 18 പ്രതികളും ആ ഗ്രാമത്തിൽ നിന്നുള്ളവരാണ്. പലരും അഖ്‌ലാഖിനെ സഹോദരനെന്നോ അമ്മാവനെന്നോ വിളിക്കാൻ കഴിയുന്നത്ര അടുപ്പമുള്ളവരായിരുന്നു. അഖ്‌ലാഖിന്റെ വീട്ടിൽനിന്ന് മൂന്ന് വീടുകൾ അകലെയാണ് കേസിൽ അറസ്റ്റിലായ അരുൺ താമസിച്ചിരുന്നത്. അരുണിന്റെ കുടുംബം 'അരുൺ ഒന്നും ചെയ്തില്ല. അവൻ നിരപരാധിയായിരുന്നു' എന്ന് വർഷങ്ങളായി പറഞ്ഞുകൊണ്ടേയിരിക്കുന്നു. തന്റെ ഭർത്താവ് അഖ്‌ലാഖിനെ കൊന്നിട്ടില്ലെന്നും കൊലപാതത്തിൽ അരുണിനുള്ള പങ്ക് തെളിയിക്കാൻ ആർക്കും കഴിയില്ലെന്നും അരുണിന്‍റെ ഭാര്യ ഉറപ്പിച്ച് പറയുന്നുണ്ട്. മറ്റൊരു പ്രതി 18കാരനായ സന്ദീപ് ആ സമയത്ത് ഉറങ്ങുകയായിരുന്നു എന്നാണ് സന്ദീപിന്‍റെ അമ്മ അവകാശപ്പെടുന്നത്.

ഗോ രക്ഷകർ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. പ്രതികളിലൊരാളായ രൂപേന്ദ്ര റാവു, ഉത്തർപ്രദേശ് നവനിർമാൺ സേന ടിക്കറ്റിൽ നോയിഡയിൽ നിന്ന് പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ബിസാര എന്ന ചെറുഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം ഇന്നും പഴയപോലെ ആയിട്ടില്ല. അവിടെ നിന്ന് പുറത്തുവന്ന് തൊഴിൽ തേടുന്നവർ ഇപ്പോഴും തങ്ങളുടെ ഗ്രാമത്തിന്‍റെ പേര് മറച്ചുവെക്കാൻ ശ്രദ്ധിക്കാറുണ്ട്. ആദ്യകാല അന്വേഷണത്തിന് നേതൃത്വം നൽകിയ ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് പിന്നീട് ബുലന്ദ്ഷഹർ അക്രമത്തിൽ കൊല്ലപ്പെടുകയും ചെയ്തു.

2015ൽ എന്താണ് സംഭവിച്ചതെന്ന് അഖ്‌ലാഖിന്‍റെ സഹേദരന് ഇപ്പോഴും വ്യക്തമായ ഓർമയുണ്ട്. സെപ്റ്റംബർ 25ന് ബക്രീദ് ആഘോഷിക്കാനായിരുന്നു കുടുംബം ഒത്തുകൂടിയത്. വീട് നിറയെ ആളുകളായിരുന്നു. എന്നാൽ, മൂന്ന് ദിവസത്തിന് ശേഷം എല്ലാം തകർന്നു. അക്രമത്തിനൊടുവിൽ തലമുറകളായി താമസിച്ചിരുന്ന വീട് വിട്ട് അഖ്‌ലാഖിന്റെ കുടുംബത്തിന് പോകേണ്ടിവന്നു. കുടുംബത്തോടൊപ്പം അത്താഴം കഴിച്ച് ഉറങ്ങാൻ പോവുകയായിരുന്ന അഖ്‌ലാഖിന്റെ വീട്ടിലേക്കാണ് അവർ ഇരച്ചുകയറിയത്.

അഖ്‌ലാഖിനെ കൊന്നത് തങ്ങളോടൊപ്പം ഒരുമിച്ച് വളർന്ന ആളുകളായിരുന്നുവെന്ന് ജാൻ പറയുന്നു. അഖ്‌ലാഖിന്‍റെ ഭാര്യയെയും മകനെയും അവർ മുറ്റത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. മാതാവിനെ ടോയ്‌ലറ്റിൽ പൂട്ടിയിട്ടു. താൻ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു എന്ന് ജാൻ വിങ്ങലോടെ ഓർക്കുന്നു. കൊലപാതകം ഗ്രാമത്തിന്റെ അന്തരീക്ഷം ഒറ്റരാത്രികൊണ്ട് മാറ്റിമറിച്ചെന്നും കൂട്ടക്കൊല ചെയ്യുമെന്ന് വരെ ഭീഷണി നേരിടേണ്ടി വന്നതായും അദ്ദേഹം പറയുന്നു. അങ്ങനെയാണ് ഒക്ടോബർ 17ന് ബന്ധുക്കളിൽ നിന്ന് പണം ശേഖരിച്ച് ഗാസിയാബാദിലെ മുറാദ്‌നഗറിലെ വാടക മുറികളിൽ താമസം തുടങ്ങിയത്.

ഒറ്റരാത്രികൊണ്ട് അനാഥരായവരാണ് അഖ്‌ലാഖിന്‍റെ കുടുംബം. 'ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ പോരാടി. പക്ഷേ ഇപ്പോൾ, സിസ്റ്റം എന്നെ പരാജയപ്പെടുത്തിയെന്ന് ഞാൻ ഭയപ്പെടുന്നു. എന്നെപ്പോലുള്ള പലരും ആ ഭയത്തിലാണ്. ഞങ്ങൾ മുദ്രാവാക്യങ്ങൾ ഉയർത്തുകയോ റോഡുകളിൽ പ്രതിഷേധിക്കുകയോ നഷ്ടപരിഹാരം ആവശ്യപ്പെടുകയോ ചെയ്തില്ല. നിയമത്തിലൂടെ നീതി മാത്രമേ ആഗ്രഹിച്ചുള്ളൂ -അദ്ദേഹം പറഞ്ഞു.

പത്ത് വർഷത്തിനുള്ളിൽ അദ്ദേഹം ഏകദേശം പത്ത് ലക്ഷം രൂപയാണ് കേസിനായി ചെലവഴിച്ചത്. അതിൽ ഭൂരിഭാഗവും കടമാണ്. അഖ്‌ലാഖിന്റെ തലയോട്ടി തകർന്നിരിക്കുന്നതിന്റെ ഫോട്ടോ തന്റെ കൈവശമുണ്ടെന്ന് ജാൻ പറയുന്നു. ഈ കേസ് പിൻവലിക്കുകയാണെങ്കിൽ, ന്യൂനപക്ഷങ്ങൾ ഇരകളായ കേസുകൾ പതുക്കെ നീതിന്യായ വ്യവസ്ഥയിൽ നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് ജാൻ പറഞ്ഞു. പ്രതികളോട് ക്ഷമിക്കുന്നത് അടുത്ത കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുകയേയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

ദൃക്‌സാക്ഷി മൊഴികളിലെ പൊരുത്തക്കേടുകളാണ് പിൻവലിക്കൽ അപേക്ഷയിൽ പരാമർശിച്ചിരിക്കുന്ന കാരണങ്ങളിലൊന്ന്. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ, എല്ലാവർക്കും ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും അവരുടെ അവകാശങ്ങൾ കോടതി സംരക്ഷിക്കണമെന്നും അപേക്ഷയിൽ പറയുന്നു. ഈ വിഷയം നിലവിൽ ഗൗതം ബുദ്ധ നഗറിലെ ഫാസ്റ്റ്-ട്രാക്ക് കോടതിയിലെ അഡീഷനൽ സെഷൻസ് ജഡ്ജിയുടെ പരിഗണനയിലാണ്. അഖ്‌ലാഖിന്റെ കുടുംബത്തിനും പ്രതികൾക്കും ഇടയിൽ മുൻകാല ശത്രുതയോ മത്സരമോ വിദ്വേഷമോ ഉള്ളതായി കാണിക്കുന്ന ഒരു തെളിവും ഇല്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammad Akhlaqmob lynchingDadri lynching caseIndia NewsUttar Pradesh
News Summary - UP govt moves to withdraw charges against Akhlaq killers
Next Story