'ഞാൻ അതിർത്തി കാക്കുമ്പോൾ അവരെന്‍റെ വീട് ബുൾഡോസർകൊണ്ട് തകർത്തു'; യു.പിയിൽ സൈനികന്‍റെ കുടുംബത്തെ തെരുവിലിറക്കി ഭരണകൂടം
text_fieldsജവാൻ രാംകിഷന്റെ വീട് അധികൃതർ പൊളിച്ചുനീക്കുന്നു
ലഖ്‌നോ: അതിർത്തിയിൽ രാജ്യത്തിന്റെ സുരക്ഷയ്ക്കായി കാവൽ നിൽക്കുന്ന സൈനികന്റെ വീട് ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഉത്തർപ്രദേശിലെ കൗശാംബിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഐ.ടി.ബി.പി (ITBP) ജവാൻ രാംകിഷന്റെ വീടാണ് അധികൃതർ പൊളിച്ചുനീക്കിയത്. ജമ്മു കശ്മീരിൽ അമർനാഥ് യാത്രാ ഡ്യൂട്ടിയിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് തന്റെ കുടുംബത്തിന് നേരിടേണ്ടി വന്ന ദുരനുഭവം ജവാൻ വീഡിയോയിലൂടെ പുറംലോകത്തെ അറിയിച്ചത്.
താൻ അതിർത്തിയിൽ ഡ്യൂട്ടിയിലായിരുന്ന സമയം നോക്കി ഭരണകൂടം കുടുംബത്തെ തെരുവിലേക്ക് ഇറക്കിവിട്ടെന്നാണ് രാംകിഷന്റെ ആരോപണം. വീട് തകർക്കുന്നതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. തറവാട് വീട് സ്ഥിതി ചെയ്യുന്ന ഭൂമി സംബന്ധിച്ച് ഗ്രാമമുഖ്യനും ചില റവന്യൂ ഉദ്യോഗസ്ഥരും 1.2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തനിക്ക് ആ തുക നൽകാൻ കഴിയാത്തതിലുള്ള പകയാണ് ക്രൂരതയ്ക്ക് പിന്നിലെന്നും ജവാൻ പറയുന്നു. സർക്കാർ ഭൂമി കൈയേറി വീട് നിർമ്മിച്ചു എന്നാരോപിച്ചാണ് അധികൃതർ നടപടിയെടുത്തത്. എന്നാൽ, അതേ പ്രദേശത്ത് സ്വാധീനമുള്ള പലരുടെയും കെട്ടിടങ്ങൾ അനധികൃതമായി നിലനിൽക്കുമ്പോൾ തന്റെ കുടുംബത്തെ മാത്രം തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയായിരുന്നുവെന്ന് ജവാൻ വേദനയോടെ വ്യക്തമാക്കുന്നു.
സംഭവം വലിയ വിവാദമായതോടെ തഹസീൽദാർ വിശദീകരണവുമായി രംഗത്തെത്തി. വീട് പൂർണമായും ഗ്രാമസഭയുടെ സർക്കാർ ഭൂമിയിലായിരുന്നുവെന്നും, പലതവണ നോട്ടീസ് നൽകിയിട്ടും ഒഴിപ്പിക്കാൻ തയ്യാറാകാത്തതിനാലാണ് നടപടി സ്വീകരിച്ചതെന്നും അവകാശപ്പെടുന്നു. എന്നാൽ, കൃത്യമായ മുൻകൂർ നോട്ടീസ് നൽകുന്നതിൽ സുതാര്യത പുലർത്തിയില്ലെന്നും നിയമവിരുദ്ധമായാണ് നടപടിയെന്നും രാംകിഷന്റെ ബന്ധുക്കൾ ആരോപിക്കുന്നു. ജവാൻ ഉന്നയിച്ച കൈക്കൂലി ആരോപണം അന്വേഷിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
രാജ്യത്തിന് വേണ്ടി ജീവൻ പണയം വെച്ച് സേവനം അനുഷ്ഠിക്കുന്ന സൈനികന്റെ കുടുംബത്തോട് ഭരണകൂടം കാണിച്ച നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഉത്തർപ്രദേശ് സർക്കാരിന്റെ വിവാദമായ ‘ബുൾഡോസർ രാജ്’ നയത്തിന്റെ ഇരയാണ് ഈ സൈനികനെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. സൈനികന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ഉയരുന്ന പ്രധാന ആവശ്യം. വിഷയത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തരമായി ഇടപെടണമെന്നും ജവാൻ അഭ്യർത്ഥിച്ചു.ഐ.ടി.ബി.പി ജവാന്റെ വീഡിയോ ‘എക്‌സ്’ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

