'ജോലി തേടി അലയേണ്ട, ഇ-റിക്ഷ ഓടിച്ചാൽ മതി'; തൊഴിൽരഹിതരായ യുവാക്കളെ അധിക്ഷേപിച്ച് യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, വ്യാപക പ്രതിഷേധം
text_fieldsലഖ്നൗ: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുമ്പോൾ തൊഴിലന്വേഷകരായ യുവാക്കളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി തേടി സമയം കളയാതെ യുവാക്കൾ ഇ-റിക്ഷകളോ ടാക്സികളോ ഓടിക്കാൻ ഇറങ്ങണമെന്ന പഥക്കിന്റെ പ്രസ്താവനയ്ക്കെതിരെ വലിയ രോഷമാണ് ഉയരുന്നത്. ലഖ്‌നൗവിൽ സഹകാർ ടാക്സി കോപ്പറേറ്റീവ് ലിമിറ്റഡിന്റെ കീഴിലുള്ള ഭാരത് ടാക്സി സേവനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു, തൊഴിൽരഹിതരായ യുവാക്കളുടെ പ്രതിസന്ധികളെയും പ്രതീക്ഷകളെയും നിസ്സാരവത്കരിക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
സാധാരണ ജോലികൾക്ക് പിന്നാലെ നടന്ന് സമയം കളയേണ്ടതില്ലെന്നും ഇ-റിക്ഷയോ ടാക്സിയോ ഓടിച്ചാൽ നല്ല വരുമാനത്തോടൊപ്പം കുടുംബത്തോടൊപ്പം ആവശ്യത്തിന് സമയം ചെലവഴിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിനടുത്തുള്ള റൈഡുകൾ എടുത്ത് വീട്ടിലെത്തി വിശ്രമിക്കാമെന്നും രാത്രി 10 മണി വരെ വേണമെങ്കിൽ ജോലി ചെയ്യാമെന്നും പറഞ്ഞ് ജോലി സാഹചര്യങ്ങളെ വളരെ ലളിതവത്കരിക്കാനും അദ്ദേഹം മുതിർന്നു. 'മറ്റൊരാളെ ആശ്രയിച്ചു ജീവിക്കുന്നതിൽ സന്തോഷമില്ല' എന്ന ഹിന്ദി ചൊല്ല് ഉദ്ധരിച്ചാണ് യുവാക്കൾ പരമ്പരാഗത ജോലികൾ ഉപേക്ഷിച്ച് ഡ്രൈവിംഗിലേക്ക് തിരിയണമെന്ന് ഉപമുഖ്യമന്ത്രി ഉപദേശിച്ചത്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ട ഭരണകൂടത്തിന്റെ പ്രതിനിധി യുവാക്കളെ പരിഹസിക്കുകയാണെന്ന് കാണിച്ച് പ്രതിപക്ഷ കക്ഷികളും സോഷ്യൽ മീഡിയയും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ നയിക്കേണ്ട യുവാക്കളോട് റിക്ഷ ഓടിക്കാൻ ആവശ്യപ്പെടുന്നത് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് സമാജ്‌വാദി പാർട്ടി എംപി പുഷ്പേന്ദ്ര സരോജ് കുറ്റപ്പെടുത്തി. ഉപമുഖ്യമന്ത്രിക്ക് റിക്ഷ ഓടിക്കാൻ അത്ര താല്പര്യമുണ്ടെങ്കിൽ ഒരു റിക്ഷ താൻ സമ്മാനമായി അയച്ചുനൽകാമെന്നും അദ്ദേഹം പരിഹസിച്ചു. ഡെപ്യൂട്ടി മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് സ്വന്തം മക്കൾക്ക് ഇ-റിക്ഷ വാങ്ങിക്കൊടുത്ത് അവരെക്കൊണ്ട് ജോലി ചെയ്യിക്കാൻ ധൈര്യമുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നതിന് പകരം യുവാക്കളുടെ ഭാവി വച്ച് പന്താടുന്ന സർക്കാരിന്റെ നിലപാടിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

