‘ജോലിക്ക് പിന്നാലെ പോകേണ്ട, നാല് മണിക്കൂർ ഓട്ടോ ഓടിക്കൂ’; യുവാക്കൾക്ക് യു.പി ഉപമുഖ്യമന്ത്രിയുടെ ഉപദേശം
text_fieldsലഖ്‌നൗ: തൊഴിലില്ലായ്മ നേരിടുന്ന യുവാക്കൾ ജോലിക്ക് പിന്നാലെ പോകുന്നതിന് പകരം ഓട്ടോറിക്ഷയോ ടാക്സിയോ ഓടിച്ച് പണം സമ്പാദിക്കണമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. നാല് മണിക്കൂർ ഓട്ടോ ഓടിച്ച ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ലഖ്‌നൗവിൽ നടന്ന പരിപാടിയിലാണ് പഥക്കിന്റെ പരാമർശം. ‘‘ജോലിക്ക് പിന്നാലെ പോകേണ്ട. ഓട്ടോറിക്ഷയോ ടാക്സിയോ ഓടിക്കൂ, നല്ല രീതിയിൽ പണമുണ്ടാക്കൂ. നാല് മണിക്കൂർ ഓടിച്ചാൽ മതി, ബാക്കി സമയം കുട്ടികളോടൊപ്പം ചെലവഴിക്കൂ’’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പഥക് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പരാമർശത്തിനെതിരെ വ്യാപക വിമർശനമുയർന്നു. യുവാക്കളുടെ തൊഴിൽപ്രശ്നത്തിന് പരിഹാരം കാണുന്നതിന് പകരം അവരെ ഓട്ടോ ഓടിക്കാൻ ഉപദേശിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കളും സമൂഹമാധ്യമ ഉപയോക്താക്കളും വിമർശിച്ചു.
യുവാക്കൾക്ക് രാജ്യത്തെ നയിക്കാനുള്ള കഴിവുണ്ടെന്ന് സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് പ്രതികരിച്ചു. ഓട്ടോ ഓടിക്കുന്നത് ഇത്ര ഇഷ്ടമാണെങ്കിൽ പഥകിന് ഒരു ഓട്ടോറിക്ഷ അയച്ചുനൽകാമെന്നും അദ്ദേഹം പരിഹസിച്ചു.
യുവാക്കൾക്ക് തൊഴിൽ നൽകുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടതിനാലാണ് മന്ത്രിമാർ ഇത്തരം ‘വിഡ്ഢിത്തരമായ’ ഉപദേശങ്ങൾ നൽകുന്നതെന്നും എസ്പി നേതാവ് ആരോപിച്ചു. പഥക് ഇതേ ഉപദേശം സ്വന്തം മക്കൾക്കും നൽകുമോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയർന്നു. ‘സ്വന്തം കുടുംബത്തിൽനിന്ന് തുടങ്ങൂ’ എന്നായിരുന്നു ഒരാളുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

