Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹ സൽക്കാരത്തിന്...

വിവാഹ സൽക്കാരത്തിന് ബീഫ് വിളമ്പിയെന്ന്, യു.പിയിൽ ബാങ്ക്വറ്റ് ഹാൾ പൊളിച്ചുമാറ്റാൻ നടപടി, വരനുൾപ്പെടെ നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
വിവാഹ സൽക്കാരത്തിന് ബീഫ് വിളമ്പിയെന്ന്, യു.പിയിൽ ബാങ്ക്വറ്റ് ഹാൾ പൊളിച്ചുമാറ്റാൻ നടപടി, വരനുൾപ്പെടെ നാലുപേർ അറസ്റ്റിൽ
cancel

മുസഫർനഗർ: ഉത്തർപ്രദേശിലെ ശാംലി ജില്ലയിൽ വിവാഹ സൽക്കാരത്തിൽ ബീഫ് വിളമ്പിയെന്ന് ആരോപിച്ച് ‘അനധികൃതമായി നിർമിച്ച’ ബാങ്ക്വറ്റ് ഹാൾ പൊളിച്ചുമാറ്റാൻ അധികൃതർ നടപടി തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് വരനുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് അധികൃതർ പൊളിക്കൽ നടപടികളിലേക്ക് കടന്നത്.

കൈറാനയിലെ ‘മുഗൾ ബാങ്ക്വറ്റ് ഹാൾ’ ആണ് നിലവിൽ അധികൃതർ സീൽ ചെയ്തിരിക്കുന്നത്. അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ച് ഈ കെട്ടിടം എന്തുകൊണ്ട് പൊളിച്ചുമാറ്റിക്കൂടാ എന്ന് ചോദിച്ച് ഉടമക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിന് മറുപടി നൽകുന്നതിൽ ഉടമ പരാജയപ്പെട്ടതിനെ തുടർന്നാണ് തുടർനടപടികൾ ആരംഭിച്ചതെന്ന് ശാംലി ഡെവലപ്‌മെന്റ് അതോറിറ്റി ജൂനിയർ എൻജിനീയർ ജഗ്‌ദേവ് സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് വരൻ ഫർമാൻ, ഇയാളുടെ അമ്മാവൻ സൽമാൻ, ബാങ്ക്വറ്റ് ഹാൾ ഉടമ അനീസ് അഹമ്മദ്, പാചകക്കാരൻ ഖലീൽ എന്നീ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിന് പുറമെ വരന് വിവാഹസമ്മാനമായി ലഭിച്ച കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബീഫ് കടത്താനായി ഈ വാഹനമാണ് ഉപയോഗിച്ചതെന്നാണ് ആരോപണം.

ജൂൺ 18ന് മുഗൾ ബാങ്ക്വറ്റ് ഹാളിൽ നടന്ന സൽക്കാരത്തിൽ ബീഫ് വിളമ്പുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. അലഞ്ഞുതിരിയുന്ന പശുവിനെ കശാപ്പ് ചെയ്താണ് ഇറച്ചി കൊണ്ടുവന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിച്ചു.

ഉത്തർപ്രദേശിൽ പശുവിനെ കൊല്ലുന്നതും പശുവിറച്ചി കൈവശം വെക്കുന്നതും വിൽക്കുന്നതും പൂർണമായി നിരോധിച്ചിട്ടുള്ളതും കഠിനമായ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണ്. അതേസമയം പോത്തിറച്ചിക്ക് നിയമപരമായ ചില നിയന്ത്രണങ്ങളോടെ അനുമതിയുണ്ട്.

ഗോവധം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഏപ്രിലിൽ മീററ്റിലെ സർധന മേഖലയിൽ പൊലീസ് സംഘ പരിശോധനക്ക് എത്തിയിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്കേൽക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽനിന്ന് വലിയ അളവിൽ പശുവിറച്ചിയും ആയുധങ്ങളും കണ്ടെടുത്തു. ഭാരതീയ ന്യായ സംഹിത, ഗോവധ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ അലിഗഢിൽ പശുവിറച്ചി കടത്തുന്നു എന്നാരോപിച്ച് ഒരു സംഘം ആളുകൾ വാഹനം തടഞ്ഞുനിർത്തുകയും അതിലുണ്ടായിരുന്ന നാല് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും വാഹനം തീയിടുകയും ചെയ്തു. ഈ സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു. തുടർന്ന് ആൾക്കൂട്ട ആക്രമണം നടത്തിയ മൂന്ന് ഗ്രാമവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൽ ഗോവധത്തിനും ആൾക്കൂട്ട മർദ്ദനത്തിനുമായി ഇരുവിഭാഗങ്ങൾക്കുമെതിരെ പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുണ്ടായി.

2024 ഫെബ്രുവരിയിൽ മുറാദാബാദിൽ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഒരു മുസ്‍ലിം യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ പശുക്കളെ കൊന്ന് തള്ളിയ സംഭവത്തിൽ ബജ്‌റംഗദൾ ജില്ല അധ്യക്ഷൻ ഉൾപ്പെടെ നാല് പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത് വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സ്വന്തം ശത്രുവിനെ ജയിലിലാക്കാൻ ഹിന്ദുത്വ സംഘടനയിലെ നേതാക്കളുടെ സഹായത്തോടെ പശുക്കളെ കശാപ്പ് ചെയ്ത് അവിടെ ശത്രുവിന്റെ വസ്ത്രങ്ങളും പേഴ്സും മനഃപൂർവ്വം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി യു.പിയിൽ നടന്ന പ്രധാന ഗോസംരക്ഷണ ആൾക്കൂട്ട കൊലപാതക കേസുകളിൽ (ഉദാഹരണത്തിന് ഹാപ്പൂർ, സിദ്ധാർത്ഥ് നഗർ കേസുകൾ) സമീപകാലത്തായി കോടതികൾ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. വ്യാജ ഗോവധ ആരോപണങ്ങൾ ഉന്നയിച്ച് ആൾക്കൂട്ട വിചാരണ നടത്തുന്നതിനെതിരെ കോടതികൾ പൊലീസിന് കർശന മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow politicsWeddingUP govt#Four arrestedDemolishedbanquetsserving beef
News Summary - UP Demolishes "Illegal" Banquet Hall Over Alleged Beef Served at Wedding, 4 Arrested
Next Story