ഭൂമി കൈയേറിയെന്ന് പരാതി; ഉത്തർപ്രദേശിൽ ദലിത്-താക്കൂർ സംഘർഷം; നിരവധി പേർക്ക് പരിക്ക്
text_fieldsസഹരൺപൂർ: ഉത്തർപ്രദേശിലെ സഹരൺപൂർ ജില്ലയിലുണ്ടായ ഭൂമി തർക്കത്തെത്തുടർന്ന് ദലിത്-താക്കൂർ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ദേവ്ബന്ദിലെ ലാൽവാല ഗ്രാമത്തിൽ ശനിയാഴ്ചയുണ്ടായ സംഘർഷത്തിൽ അരഡസനോളം പേർക്ക് പരിക്കേറ്റു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വൻ പൊലീസ് സന്നാഹത്തെയും പാരാമിലിട്ടറി സേനയെയും വിന്യസിച്ചു.
ഗ്രാമവാസിയായ നരേഷ് കുമാർ എന്ന ദലിത് വിഭാഗക്കാരൻ തന്റെ 1.24 ഏക്കർ ഭൂമി രവീന്ദ്ര കുമാർ റാണ എന്നയാൾക്ക് കൃഷിക്കായി കരാർ അടിസ്ഥാനത്തിൽ നൽകിയിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും റാണ ഭൂമി വിട്ടുനൽകാൻ തയ്യാറായില്ലെന്നും, റവന്യൂ രേഖകളിൽ തിരിമറി നടത്തി ഭൂമി സ്വന്തം പേരിലാക്കിയെന്നും നരേഷ് കുമാർ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടത്തിന് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ഭീംസേന പ്രവർത്തകർക്കൊപ്പം നരേഷ് കുമാർ ഭൂമി തിരിച്ചുപിടിക്കാനായി എത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. താക്കൂർ വിഭാഗം തങ്ങൾക്ക് നേരെ കല്ലെറിയുകയും വെടിവെക്കുകയും ചെയ്തതായി നരേഷ് കുമാർ ആരോപിച്ചു. ഇതിന് പിന്നാലെ ദലിത് വിഭാഗക്കാരും തിരിച്ചടിച്ചതോടെ പ്രദേശം യുദ്ധക്കളമായി മാറി. എന്നാൽ നരേഷിന്റെ പിതാവിൽ നിന്ന് താൻ 32 ബിഗ ഭൂമി വിലയ്ക്ക് വാങ്ങിയതാണെന്നാണ് റാണയുടെ വാദം.
സംഭവം അറിഞ്ഞയുടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ പ്രാദേശിക കമ്മ്യൂനിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. ഗ്രാമത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ പി.എ.സി, പാരാമിലിട്ടറി വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കിൾ ഓഫിസർ അഭിതേഷ് ഭാട്ടി അറിയിച്ചു.
അതേസമയം, രാഷ്ട്രീയ സ്വാധീനമുള്ള താക്കൂർ വിഭാഗത്തിന് അനുകൂലമായ നിലപാടാണ് പ്രാദേശിക ഭരണകൂടവും പൊലീസും സ്വീകരിക്കുന്നതെന്ന് ദലിത് വിഭാഗക്കാർ ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

