റോഡരികിൽ നിന്നും ബൾബ് മോഷ്ടിച്ച് പൊലീസുകാരൻ; സി.സി.ടി.വി ദൃശങ്ങൾ വൈറലായതോടെ സസ്‍പെൻഷൻ
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ കടയുടെ മുന്നിൽ നിന്നും ബൾബ് മോഷ്ടിച്ചതിന് പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. പൊലീസ് കോൺസ്റ്റബിൾ രാജേഷ് വർമയെയാണ് സസ്പെൻഡ് ചെയ്തത്. രജേഷ് ബൾബ് മോഷ്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെൻഷൻ.
ഒക്ടോബർ ആറിന് ഡ്യൂട്ടിക്കിടയിലാണ് ഇയാൾ ബൾബ് മോഷ്ടിച്ചത്. കടയുടെ മുന്നിലുള്ള ബൾബ് കണാതായത് ശ്രദ്ധയിൽപ്പെട്ട കടയുടമ സി.സി.ടിവി പരിശോധിക്കുകയായിരുന്നു. തുടർന്നാണ് പൊലീസുകാരനാണ് മോഷ്ടാവെന്ന് തെളിഞ്ഞത്.
അടഞ്ഞുകിടക്കുന്ന കടയുടെ അടുത്തേക്ക് രാജേഷ് നടന്നുവരുന്നതും ചുറ്റും നോക്കിയശേഷം ബൾബ് ഈരിയെടുക്കുന്നതും വിഡിയോയിലുണ്ട്. എന്നാൽ താൻ ബൾബ് മോഷ്ടിച്ചിട്ടില്ലെന്നും ഇരുട്ട് കൂടിയ സ്ഥലത്തേക്ക് ബൾബ് മാറ്റി സ്ഥാപിക്കുകയാണ് ചെയ്തതെന്നുമാണ് രാജേഷ് വർമയുടെ വാദം. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാൻപൂരിൽ നടപ്പാതയിൽ കിടന്നുറങ്ങുന്ന ഒരാളുടെ കീശയിൽ നിന്ന് മൊബൈൽ ഫോൺമോഷ്ടിക്കുന്ന പൊലീസുകാരന്‍റെ വിഡിയോയും പുറത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

