‘മുസ്തഫബാദിനെ കബീർധാം ആക്കണം’; പുനർനാമകരണം നിർദേശിച്ച് യു.പി മുഖ്യമന്ത്രി യോഗി
text_fieldsയോഗി ആദിത്യനാഥ്
ലഖിംപൂർഖേരി (ഉത്തർപ്രദേശ്): ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇത്തരേന്ത്യയിൽ നിരവധി ഇടങ്ങളിൽ സ്ഥലപ്പേര് മാറ്റിയിരുന്നു. ഇതിലേക്ക് പുതുതായി ഒരു നിർദേശം കൂടി മുന്നോട്ടുവെക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്തഫബാദ് ഗ്രാമത്തിന്‍റെ പേര് കബീർധാം എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് യു.പി മുഖ്യമന്ത്രിയുടെ നിർദേശം. പ്രശസ്ത ഹിന്ദി കവി കബീർദാസുമായുള്ള ഗ്രാമത്തിന്‍റെ ചരിത്രപരമായ ബന്ധമാണ് നിർദേശത്തിന് പിന്നിലെന്ന് ബി.ജെ.പി പറയുന്നു.
തന്‍റെ സന്ദർശനത്തിനിടെ, ഇവിടെ മുസ്ലിം വിഭാഗത്തിൽനിന്നുള്ള ആളുകളില്ലെന്ന് അറിഞ്ഞെന്നും അതിനാലാണ് പേര് മാറ്റണമെന്ന് നിർദേശിക്കുന്നതെന്നും യോഗി പറയുന്നു. “ഇവിടുത്തെ ആളുകളിൽനിന്ന് മുസ്തഫബാദ് എന്നാണ് ഗ്രാമത്തിന്‍റെ പേരെന്ന് അറിയാനായി. മുസ്ലിം വിഭാഗത്തെ കുറിച്ച് ചോദിച്ചപ്പോൾ ആരും ഇല്ലെന്ന് അറിയാൻ കഴിഞ്ഞു. അതിനാൽ കബീർധാം എന്ന് പേര് മാറ്റേണ്ടതാണെന്ന് ഞാൻ കരുതുന്നു. ഈ സ്ഥലത്തിന്‍റെ യഥാർഥ സ്വത്വം പുനഃസ്ഥാപിക്കാനായി പ്രൊപോസൽ കൊണ്ടുവരാം” -യോഗി പറഞ്ഞു.
കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട്, മുൻ സർക്കാരുകൾ സാംസ്കാരിക സ്വത്വം ഇല്ലാതാക്കിയെന്ന് യോഗി ആരോപിച്ചു. “അവർ അയോധ്യയെ ഫൈസാബാദും, പ്രയാഗ്‌രാജിനെ അലഹബാദും, കബീർധാമിനെ മുസ്തഫബാദും ആക്കി. ഞങ്ങൾ അധികാരത്തിൽ വന്നപ്പോൾ, ഈ സ്ഥലങ്ങളുടെ യഥാർഥ സ്വത്വം പുനഃസ്ഥാപിച്ചു” -യോഗി പറഞ്ഞു. മുസ്തഫബാദിൽ സ്മൃതി പ്രകത്യോത്സവ് മേളയിൽ പങ്കെടുക്കവേയാണ് യോഗിയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

