ന്യൂഡൽഹി: ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃതങ്ങൾ ചർച്ച ചെയ്യാനായി പ്രത്യേക സെഷൻ മാറ്റി വെക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമയമമില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര.
കഴിഞ്ഞ ഒരാഴ്ചയിൽ ഉത്തർപ്രദേശിൽ 13 ക്രൂര കുറ്റകൃത്യങ്ങളാണ് സ്ത്രീകൾക്കെതിരെ നടന്നത്. റിപ്പോർട്ടുകളനുസരിച്ച് നാല് സംഭവങ്ങളിൽ ഇരകൾ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഈ സംസ്ഥാനത്തെ സ്ത്രീ സുരക്ഷ അസ്വസ്ഥപ്പെടുത്തുന്നു. ഇക്കാര്യത്തിൽ സ്പെഷൽ സെഷൻ വിളിച്ചു ചേർക്കാൻ മുഖ്യമന്ത്രിക്ക് സമയമില്ല. പക്ഷെ ഫോട്ടോ സെഷൻ നടക്കുന്നുണ്ട്.'' - പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഉറങ്ങിക്കിടക്കുന്ന മൂന്ന് സഹോദരിമാർക്ക് നേരെ അജ്ഞാതെൻറ ആസിഡ് ആക്രമണം നടന്ന കാര്യം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഈ സംഭവത്തിലും പ്രിയങ്ക യു.പി സർക്കാറിന് നേരെ ആഞ്ഞടിച്ചിരുന്നു.
അതേസമയം, ഹാഥറസ് കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട് ചില സാമുദായിക വിഭാഗങ്ങൾ വർഗീമ കലാപത്തിന് ശ്രമിക്കുന്നുണ്ടെന്നും ഇക്കാര്യത്തിലെ ഗൂഢാലോചന സ്പെഷൽ ടാസ്ക് ഫോഴ്സ് അന്വേഷിക്കുമെന്നുമാണ് യു.പി സർക്കാർ അറിയിക്കുന്നത്.