‘ആന്റി-റോമിയോ’ ടീമുകളെ കൂടുതൽ സജീവമാക്കാൻ ഉത്തരവിട്ട് യോഗി ആദിത്യനാഥ്
text_fieldsലക്നോ: സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുക എന്നതാണ് ലക്ഷ്യമെന്ന വാദത്തോടെ ആരംഭിച്ച സംസ്ഥാനത്തെ ആന്റി-റോമിയോ ടീമുകൾ എല്ലാ ജില്ലകളിലും കൂടുതൽ സജീവമാകണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
2017ൽ ആദിത്യനാഥ് മുഖ്യമന്ത്രിയായപ്പോഴാണ് ബി.ജെ.പി സർക്കാർ ആന്റി-റോമിയോ ടീമുകൾ ആരംഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഈ ടീമുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്, പെൺകുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കുന്നവരെയാണെന്ന് പറയുന്നുവെങ്കിലും പെൺകുട്ടികളുടെ കോളജുകൾക്ക് പുറത്ത് കാണപ്പെടുന്ന ആൺകുട്ടികളെയും പരസ്പര സമ്മതത്തോടെ ജീവിതം നയിക്കുന്ന ദമ്പതികളെയും ഉപദ്രവിക്കുന്നുവെന്ന നിരവധി വിമർശനങ്ങൾ നേരിട്ടു.
സ്ക്വാഡ് രൂപീകരിച്ചതിന്റെ ആദ്യ നാളുകളിൽ ആളുകളെ മോചിപ്പിച്ചതിൽനിന്ന് വ്യത്യസ്തമായി കൊള്ളയടിക്കൽ, സിറ്റ്-അപ്പ്, തല മുണ്ഡനം, മുഖത്ത് കരിഓയിൽ ഒഴിക്കൽ തുടങ്ങി പൊതുവിടത്തിലെ അപമാനകരമായ സംഭവങ്ങൾ ഉൾപ്പെടെ നിരവധി നിയമവിരുദ്ധ നടപടികൾ ഇവർ സ്വീകരിച്ചിട്ടുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ, സ്ത്രീകളുടെയും പെൺമക്കളുടെയും സുരക്ഷ സർക്കാറിന്റെ മുൻഗണനയായി തുടരുന്നുവെന്നാണ് ഞായറാഴ്ച ആദിത്യനാഥ് പറഞ്ഞത്. സെപ്റ്റംബർ 22 മുതൽ ആരംഭിക്കുന്ന ഹൈന്ദവ ഉത്സവമായ നവരാത്രിയിൽ മിഷൻ ശക്തിയുടെ ഒരു പുതിയ ഘട്ടം ആരംഭിക്കുമെന്നും യോഗി പ്രഖ്യാപിച്ചു.
ഹാത്രാസ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷമുള്ള വ്യാപകമായ വിമർശനങ്ങൾക്കും പ്രതിഷേധത്തിനും ശേഷം 2020 ഒക്ടോബറിൽ ആണ് ആദിത്യനാഥ് ‘മിഷൻ ശക്തി കാമ്പെയ്ൻ’ ആരംഭിച്ചത്. സ്ത്രീകളുടെ സുരക്ഷ, ബഹുമാനം എന്നിവ ഉറപ്പാക്കാനാണ് ഈ കാമ്പെയ്‌ൻ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി അന്ന് അവകാശപ്പെട്ടിരുന്നു.
ഫെബ്രുവരി വരെ 1.8 കോടി സ്ഥലങ്ങളിലായി 4.5 കോടിയിലധികം ആളുകളെ സംഘം പരിശോധിച്ചതായും 24,000ത്തിലധികം കേസുകൾ ഫയൽ ചെയ്തതായും കഴിഞ്ഞ മാർച്ചിൽ യു.പി പൊലീസ് മേധാവി പ്രശാന്ത് കുമാർ പറയുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

