യുപിയിൽ അധ്യാപകന്റെ മർദനമേറ്റ എട്ടാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു; മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്
text_fieldsലഖ്‌നൗ: ഉത്തർപ്രദേശിൽ സ്കൂൾ അധ്യാപകന്റെ ക്രൂരമർദ്ദനത്തിനിരയായ പതിമൂന്നുകാരി പത്ത് ദിവസത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഹർദോയ് ജില്ലയിലെ ഭർഖാനി ഡെവലപ്‌മെന്റ് ബ്ലോക്കിലെ സഹുവാപൂർ കോമ്പോസിറ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ക്ഷമ (13) ആണ് ഫറൂഖാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ അക്ഷയ് സിംഗ് യാദവ്, ക്ലാസ് ടീച്ചർ രാജേന്ദ്ര ഗംഗ്‌വാർ എന്നിവരെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു.
ആഗസ്റ്റ് 20-ന് പരീക്ഷയ്ക്കായി സ്കൂളിലെത്തിയപ്പോൾ ക്ഷമയും മറ്റൊരു സഹപാഠിയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. സഹപാഠിക്കെതിരെ പരാതി പറയാൻ ക്ലാസ് ടീച്ചറുടെ അടുത്തെത്തിയ കുട്ടിയുടെ പരാതി കേൾക്കുന്നതിന് പകരം അധ്യാപകൻ വിദ്യാർഥിനിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളാവുകയും ഞായറാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു.
അധ്യാപകൻ കുട്ടിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഉണർന്നു പ്രവർത്തിച്ചത്. ആഗസ്റ്റ് 20-ന് മർദ്ദനം നടന്നതായി അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് അധ്യാപകരെ സസ്‌പെൻഡ് ചെയ്തതെന്ന് ബേസിക് എജ്യുക്കേഷൻ ഓഫീസർ പ്രഭാത് മിശ്ര അറിയിച്ചു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പ്രധാനാധ്യാപകൻ, ക്ലാസ് ടീച്ചർ, തർക്കത്തിലേർപ്പെട്ട വിദ്യാർഥിനി എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഹർദോയ് അഡീഷണൽ എസ്പി സുബോധ് ഗൗതം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

