ഇന്ത്യയെ മുന്നോട്ട് നയിക്കാൻ യു.പിക്ക് സാധിക്കും -യോഗി
text_fieldsലഖ്നോ: ഇന്ത്യയെ മുന്നോട്ട് നയിക്കാൻ ഉത്തർ പ്രദേശിന് കഴിയുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സർക്കാരിന്‍റെ ഭരണം നൂറുദിനങ്ങൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ആഘോഷപരിപാടിയിൽ സംസാരിക്കവെയാണ് യോഗിയുടെ പരാമർശം.
ഉത്തർ പ്രദേശ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണെന്നും ഈ സംസ്ഥാനത്തിന് രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ബി.ജെ.പി സർക്കാറിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ യോഗി യു.പിയിൽ ആദ്യമായാണ് ഒരു സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുന്നതെന്ന് പറഞ്ഞു.
ഞങ്ങൾ ജനങ്ങൾക്കു നല്കിയ വാഗ്ദാനം പാലിച്ചു. ഉത്തർ പ്രദേശിനെക്കുറിച്ച് നിലനിന്നിരുന്ന ധാരണ സർക്കാർ മാറ്റിമറിച്ചു. സംസ്ഥാനത്ത് വിദേശനിക്ഷേപം വർധിച്ചു -അദ്ദേഹം അവകാശപ്പെട്ടു.
മാർച്ച് 25നാണ് രണ്ടാം യോഗി സർക്കാർ ഉത്തർ പ്രദേശിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. ആഘോഷത്തിന്‍റെ ഭാഗമായി നൂറുദിവസത്തെ സർക്കാറിന്‍റെ പ്രവർത്തന റിപ്പോർട്ടും യോഗി അവതരിപ്പിച്ചിരുന്നു.