വിവാഹത്തിന് തൊട്ടുമുമ്പ് കാറും 20 ലക്ഷം രൂപയും വേണമെന്ന് വരൻ; താൽപര്യമില്ലെന്ന് വധു, തർക്കം, പിന്നാലെ വരനും ബന്ധുക്കളും കസ്റ്റഡിയിൽ
text_fieldsവിവാഹവേദിയിലെത്തിയ വരൻ ഋഷഭ് വെള്ളം കുടിക്കുന്നു
ബറേലി(യു.പി): വിവാഹച്ചടങ്ങിന് തൊട്ടുമുമ്പ് വരൻ കാറും 20 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ ഉത്തർപ്രദേശിലെ ബറേലിയിൽ വെള്ളിയാഴ്ച രാത്രി നടന്ന വിവാഹ ചടങ്ങ് നിറുത്തിവെച്ചു. വരൻ സ്ത്രീധനത്തിന് വിലപേശുന്നതായി അറിഞ്ഞ വധു വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ, വരനെയും രണ്ട് ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ബറേലിയിലെ സദർ ബസാറിലാണ് സംഭവമുണ്ടായത്. വിവാഹത്തലേന്ന് വെള്ളിയാഴ്ച രാത്രി വൈകി യുഗ്വീന ലൈബ്രറിക്ക് സമീപം വധുവിന്റെ കുടുംബം വിരുന്ന് നടത്തുന്നതിനിടയിലാണ് വരനും വ്യവസായിയുമായ ഋഷഭ് സ്ഥലത്തെത്തിയത്. വിവാഹവസ്ത്രങ്ങളണിഞ്ഞ് തേരിലേറിയായിരുന്നു വരവ്. വിവാഹച്ചടങ്ങായ സപ്തപദിക്ക് മുമ്പ് ബ്രെസ്സ കാറും 20 ലക്ഷം രൂപയും നൽകണമെന്നും ആവശ്യമംഗീകരിച്ചില്ലെങ്കിൽ പിൻമാറുമെന്നുമായിരുന്നു ഭീഷണി.
യുവാവിനെ അനുനയിപ്പിക്കാൻ വധുവിന്റെ പിതാവ് മുരളി മനോഹർ അടക്കമുള്ളവർ ശ്രമിച്ചെങ്കിലും ഇയാൾ വാദത്തിൽ ഉറച്ചുനിന്നു. ഇതിനിടെ വധുവായ ജ്യോതി തനിക്ക് വിവാഹവുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും ഒരു അത്യാഗ്രഹിയെ വിവാഹം കഴിക്കാനില്ലെന്നും അറിയിക്കുകയായിരുന്നു.
ഇതിന് പിന്നാലെ വരന്റെ ബന്ധുക്കൾ വധുവിന്റെ ബന്ധുക്കളുമായി വാക്കേറ്റമുണ്ടായി. തുടർന്ന് സ്ഥലത്തെത്തിയ കാന്റോൺമെന്റ് പോലീസ് വരൻ ഋഷഭ്, പിതാവ് രാം അവതാർ, സഹോദരൻ എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പരാതി ലഭിച്ചതിന് ശേഷം കൂടുതൽ നിയമനടപടി സ്വീകരിക്കുമെന്ന് കന്റോൺമെന്റ് പോലീസ് അറിയിച്ചു.
ഇതിന് പിന്നാലെ യുവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ആളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
‘സ്ത്രീധനത്തോട് ആർത്തി പിടിച്ച ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ കുടുംബത്തെ ബഹുമാനിക്കാത്ത അത്തരമൊരു ആൺകുട്ടിയോടൊപ്പം എനിക്ക് ജീവിതം ചെലവഴിക്കാൻ കഴിയില്ല. എന്റെ പിതാവിനെയും സഹോദരനെയും സ്ത്രീധനത്തിനായി അതിഥികൾക്ക് മുന്നിൽ അപമാനിച്ചയാൾ, ഭാവിയിൽ അവൻ എന്നെ എങ്ങനെ ബഹുമാനിക്കും? അത്തരമൊരു അത്യാഗ്രഹിയായ വ്യക്തിയുമായി ഞാൻ വിവാഹ ബന്ധത്തിലേർപ്പെടില്ല’ യുവതി വീഡിയോയിൽ പറഞ്ഞു.
ഒര ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്. ഇതിന് പിന്നാലെ, വിഷയം അന്വേഷിച്ചുവരികയാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും ബറേലി പൊലീസ് എക്സിൽ കുറിച്ചു.
സിക്‍ലാപൂർ സ്വദേശിയായ ബ്രോക്കർ വഴിയാണ് എട്ട് മാസം മുമ്പ് വിവാഹം നിശ്ചയിച്ചതെന്ന് മുരളി മനോഹർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ത്രീധനം ഒന്നും നൽകരുതെന്നും നല്ല വസ്ത്രങ്ങൾ മാത്രം മതിയെന്നുമായിരുന്നു വരന്റെയും കുടുംബത്തിന്റെയും സമീപനം. തുടർന്ന് മെയ് മാസത്തിൽ നഗരത്തിലെ ഹോട്ടലിൽ വച്ച് മൂന്നുലക്ഷത്തിലധികം ചെലവിട്ട് വിവാഹച്ചടങ്ങുകൾ നടത്തി. വരന് സ്വർണമോതിരവും മാലയും അഞ്ചുലക്ഷം രൂപയും അപ്പോൾ സമ്മാനമായി നൽകി. എന്നാൽ നിശ്ചയത്തിന് പിന്നാലെ വരനും വീട്ടുകാരും കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടേയിരുന്നു. വിവാഹ ക്ഷണക്കത്തുമായി വരന്റെ വീട്ടിലെത്തിയപ്പോൾ എയർകണ്ടീഷണർ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഗൃഹോപകരണങ്ങൾ, ആഭരണങ്ങൾ, 1.2 ലക്ഷം രൂപ എന്നിങ്ങനെ കൈമാറി. വരന്റെയും കുടുംബത്തിന്റെയും നിർദേശപ്രകാരം വലിയ തുക മുടക്കി ആഢംബര വിവാഹവേദിയും ബുക്ക് ചെയ്തിരുന്നുവെന്നും മുരളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

