ലക്നോ: ഉത്തര്‍പ്രദേശില്‍ പൊലീസിന്‍റെ അനാസ്ഥ മൂലം രണ്ട് കുട്ടികള്‍ നടുറോഡിൽ രക്തം വാര്‍ന്ന് മരിച്ചു. സഹരണ്‍പൂരില്‍ അപകടത്തില്‍പ്പെട്ട 15 വയസ്സുകാരായ അര്‍പിത് ഖുരാന, സണ്ണി ഗുപ്ത എന്നിവരാണ് ആശുപത്രിയിലെത്തിക്കാൻ വൈകിയത് മൂലം റോഡില്‍ രക്തം വാര്‍ന്ന് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സ്ഥലത്തെത്തിയെങ്കിലും കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അപകടം കണ്ടവര്‍ ചോര വാര്‍ന്നൊലിച്ച് റോഡില്‍ കിടക്കുകയായിരുന്ന കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് അവര്‍ പൊലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് അപകടസ്ഥലത്തെത്തിയത്. ടയോട്ട ഇന്നവയുടെ സീറ്റില്‍ രക്തക്കറ പുരളുമെന്ന് പറഞ്ഞാണ് പൊലീസ് കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വിസമ്മതിച്ചത്.
സീറ്റില്‍ രക്തക്കറ പുരണ്ടാല്‍ വാഹനം കഴുകുന്നത് വരെ രാത്രി എവിടെ ിരിക്കും എന്ന് ഒരു പൊലീസുദ്യോഗസ്ഥൻ ചോദിച്ചു. സംഭവസ്ഥലത്തെത്തിയ മറ്റൊരു പൊലീസ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
അപകടസ്ഥലത്തെത്തിയ ഒരാള്‍ പകര്‍ത്തിയ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ സംഭവങ്ങളെല്ലാം റെക്കോർഡ് ചെയ്തിട്ടുണ്ട്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തതായി അധികൃതർ അറിയിച്ചു.
പത്താം ക്ളാസ് വിദ്യാർഥികളായ അർപിത് ഖുറാനയും സണ്ണി ഗുപ്തയും വീട്ടിലേക്ക് പോകുന്നതിനിടെ ഇലക്ട്രിക് പോസ്റ്റിൽ തട്ടി ബൈക്ക് മറിയുകയായിരുന്നു.