സമരത്തിനിടെ ഉന്നാവോ അതിജീവിതയും മാതാവും ജന്തർമന്തറിൽ കുഴഞ്ഞുവീണു
text_fieldsഉന്നാവോ ബലാത്സംഗ കേസിൽ അതിജീവിതക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെംഗാറിന്റെ ജീവപര്യന്തം ശിക്ഷ സസ്പെൻഡ് ചെയ്ത ഡൽഹി ഹൈകോടതി വിധിക്കെതിരായ സി.ബി.ഐയുടെ അപ്പീൽ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കേ നീതിക്കായി തെരുവിലിറങ്ങിയ അതിജീവിതയും മാതാവും സമരത്തിനിടെ കുഴഞ്ഞുവീണു. ഞായറാഴ്ച ജന്തർമന്തറിൽ സമരത്തിനിടെ കുഴഞ്ഞുവീണ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
വനിതാ ആക്ടിവിസ്റ്റ് യോഗിത ഭയാന, കോൺഗ്രസ് നേതാവ് മുംതാസ് പട്ടേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി ഹൈകോടതിക്കും പാർലമെന്റ് മന്ദിരത്തിനും മുന്നിൽ അതിജീവിതക്കായി നടത്തിയ സമരത്തിന്റെ തുടർച്ചയായാണ് ഞായറാഴ്ച കോൺഗ്രസിന്റെയും എ.ഐ.എസ്.എഫ്, എസ്.എഫ്.ഐ തുടങ്ങിയ ഇടതു വിദ്യാർഥി സംഘടനകളുടെയും പ്രവർത്തകർ ജന്തർമന്തറിൽ സമരം നടത്തിയത്. ഈ സമരത്തിലേക്കാണ് അതിജീവിതയും മാതാവുമെത്തിയത്. സമരത്തിനിടെ ആദ്യം മാതാവും പിന്നീട് അതിജീവിതയും കുഴഞ്ഞു വീഴുകയായിരുന്നു.
സുപ്രീംകോടതി തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ ഹൈകോടതി വിധി റദ്ദാക്കി തനിക്ക് നീതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിലെ രണ്ടുപേർ കൊല്ലപ്പെട്ട ശേഷവും തനിക്കും കുടുംബത്തിനും ഭീഷണി തുടരുകയാണ്. അതിനാൽ കുൽദീപ് സെംഗറിനെ ജാമ്യത്തിൽ വിട്ടാൽ തന്റെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാകും. തനിക്കും കുടുംബത്തിനും ഉള്ള പോലീസ് സംരക്ഷണം എടുത്തുകളഞ്ഞതിനാൽ സുരക്ഷ അപകടത്തിലാണെന്നും അവർ പറഞ്ഞു.
ഹൈകോടതി വിധിയെ തുടർന്ന് ഇന്ത്യ ഗേറ്റിൽ സമരം നടത്തിയ അതിജീവിതയെ ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തിരുന്നു. അതിനുശേഷമാണ് മുംതാസ് പട്ടേലും യോഗിതയും അടക്കമുള്ളവർ ഹൈകോടതിക്കും പാർലമെന്റിനു മുന്നിലും കുത്തിയിരിപ്പ് സമരം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

