‘സെൻഗറിനെ തൂക്കിലേറ്റുന്നതുവരെ വിശ്രമമില്ല...’; ഉന്നാവോ ബലാത്സംഗക്കേസിലെ സുപ്രീംകോടതി ഇടപെടലിനു പിന്നാലെ അതിജീവിത
text_fieldsന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിങ് സെൻഗറിന്റെ ലൈംഗിക കുറ്റകൃത്യത്തിനുള്ള ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടി സ്വാഗതം ചെയ്ത് അതിജീവിത. സെൻഗറിനെ തൂക്കിലേറ്റുന്നതുവരെ തനിക്ക് വിശ്രമമില്ലെന്ന് അതിജീവിത പ്രതികരിച്ചു.
‘തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ട്. സുപ്രീംകോടതിയിൽനിന്ന് നീതി ലഭിച്ചു. തുടക്കം മുതലേ നീതിക്കുവേണ്ടി ഞാൻ ശബ്ദം ഉയർത്തുന്നുണ്ട്’ -അതിജീവിത വാർത്ത ഏജൻസി പി.ടി.ഐയോട് പ്രതികരിച്ചു. ഒരു കോടതിക്കെതിരെയും യാതൊരു തരത്തിലുള്ള ആരോപണവും ഉന്നയിച്ചിട്ടില്ല. എല്ലാ കോടതികളിലും വിശ്വാസമുണ്ട്, സുപ്രീംകോടതിയിൽനിന്നാണ് നീതി ലഭിച്ചത്. സെൻഗറിനെ തൂക്കിലേറ്റുന്നതുവരെ വിശ്രമമില്ല. പോരാട്ടം തുടരും. എങ്കിൽ മാത്രമേ തനിക്കും എന്റെ കുടുംബത്തിനും നീതി ലഭിക്കൂ. ഇപ്പോഴും ഭീഷണികളുണ്ടെന്നും അതിജീവിത കൂട്ടിച്ചേർത്തു.
സുപ്രീംകോടതി വിധിയെ കുടുംബാംഗങ്ങളും സ്വാഗതം ചെയ്തു. കോടതി ഇടപെടൽ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം പുനഃസ്ഥാപിച്ചെന്ന് കുടുംബം പ്രതികരിച്ചു. ബലാത്സംഗക്കേസിൽ ശിക്ഷ മരവിപ്പിച്ചെങ്കിലും ഉന്നാവോ അതിജീവിതയുടെ അച്ഛന്റെ കൊലപാതക കേസിൽ ജയിലിൽ കഴിയുന്നതിനാൽ സെൻഗറിന് പുറത്തിറങ്ങാനാകില്ല.
ഹൈകോടതി ജഡ്ജിമാർ മികച്ചവരെങ്കിലും തെറ്റു പറ്റാം
സാധാരണഗതിയിൽ കുറ്റവാളികളെയും വിചാരണത്തടവുകാരെയും കീഴ് കോടതികൾ വിട്ടയക്കുമ്പോൾ സുപ്രീംകോടതി ഇടപെടാറില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. എന്നാൽ, ഉന്നാവോ കേസിലെ കുറ്റവാളി മറ്റൊരു കേസിൽ കൂടി ജയിലിലാണെന്ന വസ്തുത കൂടി കണക്കിലെടുത്താണ് ഡിസംബർ 23ന് ഡൽഹി ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല വിധി സ്റ്റേ ചെയ്തത്. ഹൈകോടതി വിധിക്കെതിരെ അതിജീവിതക്ക് സ്വന്തം നിലക്ക് അപ്പീൽ നൽകാമെന്നും ആവശ്യമെങ്കിൽ സൗജന്യ നിമസഹായം നൽകണമെന്നും ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി
ഉന്നാവോ കേസിൽ വിധി പുറപ്പെടുവിച്ച ഡൽഹി ഹൈകോടതി ജഡ്ജിമാർ മികച്ചവരാണെങ്കിലും എല്ലാവർക്കും തെറ്റുപറ്റാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പോക്സോ പ്രകാരം പൊതുപ്രവർത്തകന് നൽകിയ നിർവചനം അംഗീകരിച്ചാൽ ഒരു കോൺസ്റ്റബിൾ പൊതു പ്രവർത്തകനായിരിക്കുമ്പോൾ ഒരു നിയമസഭാംഗം പൊതുപ്രവർത്തകനല്ലെന്ന് പറഞ്ഞ് ഒഴിവാക്കപ്പെടുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
16 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഭയാനകമായ കേസാണിതെന്നും അതിനാൽ 20 വർഷം തടവ് വേണമെന്നും സി.ബി.ഐക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇര പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ സെൻഗാർ പൊതുപ്രവർത്തകനാണോ എന്നത് പ്രസക്തമല്ലെന്നും അദ്ദേഹം വാദിച്ചു. ഇരക്ക് മേൽ അധികാരപ്രയോഗത്തിന് കഴിയുന്ന പദവിയിലാണോ അദ്ദേഹമെങ്കിൽ ഇതു തീവ്രകുറ്റകൃത്യമാകും എന്നും തുഷാർ മേത്ത ബോധിപ്പിച്ചു.
ബി.ജെ.പി നേതാവിന് അനുകൂലമായ ഡൽഹി ഹൈകോടതി വിധിക്ക് പിന്നാലെ അതിജീവിതയും മാതാവും നീതിക്കായി തെരുവിലിറങ്ങിയിരുന്നു. ഞായറാഴ്ച ജന്തർമന്തറിൽ സമരത്തിനിടെ ഇരുവരും കുഴഞ്ഞുവീണിരുന്നു. വനിതാ ആക്ടിവിസ്റ്റ് യോഗിത ഭയാന, കോൺഗ്രസ് നേതാവ് മുംതാസ് പട്ടേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി ഹൈകോടതിക്കും പാർലമെന്റ് മന്ദിരത്തിനും മുന്നിൽ അതിജീവിതക്കായി നടത്തിയ സമരത്തിന്റെ തുടർച്ചയായാണ് ഞായറാഴ്ച കോൺഗ്രസിന്റെയും എ.ഐ.എസ്.എഫ്, എസ്.എഫ്.ഐ തുടങ്ങിയ ഇടതു വിദ്യാർഥി സംഘടനകളുടെയും പ്രവർത്തകർ ജന്തർമന്തറിൽ സമരം നടത്തിയത്.
ഈ സമരത്തിലേക്കാണ് അതിജീവിതയും മാതാവുമെത്തിയത്. ഹൈകോടതി വിധിയെ തുടർന്ന് ഇന്ത്യ ഗേറ്റിൽ സമരം നടത്തിയ അതിജീവിതയെ ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തിരുന്നു. അതിനുശേഷമാണ് മുംതാസ് പട്ടേലും യോഗിതയും അടക്കമുള്ളവർ ഹൈകോടതിക്കും പാർലമെന്റിനു മുന്നിലും കുത്തിയിരിപ്പ് സമരം നടത്തിയത്. സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ ഹൈകോടതി വിധി റദ്ദാക്കി തനിക്ക് നീതി നൽകുമെന്നാണ് പ്രതീക്ഷിയെന്ന് അതിജീവിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. കുടുംബത്തിലെ രണ്ടുപേർ കൊല്ലപ്പെട്ട ശേഷവും തനിക്കും കുടുംബത്തിനും ഭീഷണി തുടരുകയാണ്. അതിനാൽ കുൽദീപ് സെംഗറിനെ ജാമ്യത്തിൽ വിട്ടാൽ തന്റെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാകും. തനിക്കും കുടുംബത്തിനും ഉള്ള പോലീസ് സംരക്ഷണം എടുത്തു കളഞ്ഞതിനാൽ സുരക്ഷ അപകടത്തിലാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

