പ്രധാനമന്ത്രിയെയും കാണണം; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഉന്നാവ് അതിജീവിത
text_fieldsന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസ് അതിജീവിത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 10 ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിൽ ഇന്ന് വൈകീട്ടായിരുന്നു കൂടിക്കാഴ്ച. അതിജീവിതയെ ഡൽഹി പൊലീസ്‍ വലിച്ചിഴച്ച സംഭവത്തിനു ശേഷമായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. രാഹുൽ ഗാന്ധി ജർമൻ സന്ദർശനം കഴിഞ്ഞ് മടങ്ങി എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണണമെന്ന ആവശ്യവും അതിജീവിത ഉന്നയിച്ചു.
ബലാത്സംഗക്കേസിൽ ബി.ജെ.പി മുൻ നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈകോടതി വിധിക്കെതിരെയാണ് അതിജീവിത ഇന്ത്യ ഗേറ്റിനു സമീപം പ്രതിഷേധിച്ചത്. പ്രതിഷേധം തുടങ്ങി മിനിറ്റുകൾക്കകം അതിജീവിതയെയും അവരുടെ അമ്മയെയും ഡൽഹി പൊലീസ് അവിടെ നിന്ന് വലിച്ചിഴച്ച് മാറ്റുകയായിരുന്നു.
അതിജീവിതക്കു നേരെയുണ്ടായ നീക്കത്തെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചിരുന്നു. അനീതിക്കെതിരെ ശബ്ദമുയർത്തിയ കൂട്ടബലാത്സംഗത്തിനിരയായ ഒരാളോട് ഇങ്ങനെയാണോ പെരുമാറേണ്ടത് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. ബലാത്സംഗം ചെയ്യുന്നവർക്ക് ജാമ്യം നൽകി അതിജീവിതകളെ ക്രിമിനലുകളെ പോലെ കരുതുന്നത് എന്തുതരം നീതിയാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
നമ്മൾ വെറും ഒരു മൃത സമ്പദ്‌വ്യവസ്ഥയായി മാറുന്നില്ല; ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങളിലൂടെ നമ്മൾ ഒരു മൃത സമൂഹമായി മാറുകയാണെന്നും രാഹുൽ എക്സിൽ കുറിച്ചു.
ബി.ജെ.പി നേതാവായിരുന്ന കുൽദീപ് സിങ് സെങ്കാറിന്റെ ജയിൽ ശിക്ഷയാണ് ഡൽഹി കോടതി മരവിപ്പിച്ചത്. 2017ൽ ഉത്തർപ്രദേശിലെ ഉന്നാവ് മേഖലയിൽ അന്ന് ബി.ജെ.പി നേതാവും എം.എൽ.എയുമായിരുന്ന കുൽദീപ് സിങ് സെങ്കാർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് റായ്ബറേലിയിലുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് സെങ്കാറിനും കൂട്ടാളികൾക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതേതുടർന്നാണ് പ്രതിയായ കുൽദീപ് സിങ് സെങ്കാറിനെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയത്.
ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് 2018 ഏപ്രിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചു. പെൺകുട്ടിയുടെ പിതാവിന്‍റെ കൊലപാതക കേസിൽ കുൽദീപ് സിങ് അടക്കം ഏഴ് പ്രതികൾക്കും 10 വർഷം തടവ് വിധിച്ചിരുന്നു. കുൽദീപ് സെങ്കാറിന്‍റെ സഹോദരൻ അതുൽ സെങ്കാറും കേസിൽ പ്രതിയാണ്. കുൽദീപ് സിങ് സെങ്കാറും കൂട്ടാളികളും ചേർന്ന് പെൺകുട്ടിയുടെ പിതാവിനെ മർദിക്കുകയും പിന്നീട് കേസിൽ പെടുത്തി അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

