ഉന്നാവോ കൂട്ടബലാത്സംഗം: ഇരയുടെ വീടിന് തീയിട്ടു; രണ്ടു കുട്ടികളുടെ നില ഗുരുതരം
text_fieldsഉന്നാവോ (യുപി): ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയുടെ വീടിന് പ്രതികൾ തീയിട്ടതിനെ തുടർന്ന് രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ആറു മാസം പ്രായമുള്ള കുട്ടിക്കും രണ്ടുമാസം പ്രായമുള്ള സഹോദരിക്കുമാണ് പൊള്ളലേറ്റത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുഞ്ഞിന് 35 ശതമാനവും സഹോദരിക്ക് 45 ശതമാനവും പൊള്ളലേറ്റു. രണ്ട് കുട്ടികളും ചികിത്സയിലാണ്. 11കാരി ലൈംഗികാതിക്രമത്തിലാണ് ഗർഭിണിയായത്. അടുത്തിടെ ജാമ്യത്തിലിറങ്ങിയ രണ്ട് പ്രതികൾ, കേസ് പിൻവലിക്കാൻ ഇര വിസമ്മതിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം മറ്റ് അഞ്ച് പേർക്കൊപ്പം എത്തി അമ്മയെ മർദിച്ച ശേഷം ഓട് മേഞ്ഞ ഷെഡ് കത്തിച്ചതായി പൊലീസ് പറഞ്ഞു.
അമ്മ നൽകിയ പരാതി പ്രകാരം ഏപ്രിൽ 13ന് പ്രതിയുടെ പക്ഷം ചേർന്ന മുത്തച്ഛനും അമ്മാവനും മറ്റ് നാല് പേരും ചേർന്ന് ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ മഴുകൊണ്ട് ആക്രമിച്ചിരുന്നു. പിതാവ് ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ആണ്. 2022 ഫെബ്രുവരി 13നാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ആ വർഷം സെപ്റ്റംബറിൽ അവൾ ഒരു മകനെ പ്രസവിച്ചു. മകളുടെ കൈക്കുഞ്ഞിനെ ഇല്ലാതാക്കാനാണ് വീടിന് തീയിട്ടതെന്ന് ഇരയുടെ അമ്മ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

