ഉന്നാവോ കസ്റ്റഡിമരണ കേസ്: കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിക്കണമെന്ന ഹരജി തള്ളി ഡല്‍ഹി ഹൈകോടതി
text_fieldsന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന മുന്‍ ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ഹരജി തള്ളി ഡല്‍ഹി ഹൈകോടതി. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ കോടതി വിധിച്ച 10 വർഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹരജിയാണ് ഹൈക്കോടതി തള്ളിയത്.
ശിക്ഷ മരവിപ്പിക്കാന്‍ കാരണങ്ങളൊന്നും കാണുന്നില്ലെന്നും അപേക്ഷ തള്ളുന്നുവെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് രവീന്ദര്‍ ദുഡേജ പറഞ്ഞു. സെന്‍ഗാര്‍ ദീര്‍ഘകാലമായി തടവ് അനുഭവിക്കുന്നുണ്ടെങ്കിലും കാലതാമസത്തിന്റെ പേരില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്നും ജഡ്ജി നിരീക്ഷിച്ചു. പ്രതി ദീർഘകാലമായി ജയിൽവാസം അനുഭവിച്ച് വരികയാണ്. ശിക്ഷ വിധിക്കെതിരെ നിരവധി അപേക്ഷകൾ സമർപ്പിച്ചിരുന്നു. അതുകൊണ്ട് ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന അപേക്ഷ അംഗീകരിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് പറഞ്ഞു. ഇനി ഫെബ്രുവരി 3 നായിരിക്കും ഇതുമായി ബന്ധപ്പെട്ട് കോടതി വാദം കേൾക്കുക.
2020 മാർച്ചിലാണ് ഇരയുടെ പിതാവിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സെൻഗാർ, സഹോദരൻ ജയ്ദീപ് സിംഗ് സെൻഗാർ എന്നിവരുൾപ്പെടെ ഏഴ് പേരെ കൊലപാതകമല്ലാത്ത നരഹത്യ,ക്രിമിനൽ ഗൂഢാലോചന എന്നിവ ഉൾപ്പെടുത്തി കോടതി ശിക്ഷിച്ചത്. പിതാവിനെതിരെ തെറ്റായ പരാതി രജിസ്റ്റർ ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ആക്രമിച്ചതിനും പോലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഒരു കുടുംബത്തിന്റെ "ഏക വരുമാനക്കാരനെ" കൊന്നതിന് "ഒരു ദാക്ഷിണ്യവും" കാണിക്കാൻ കഴിയില്ലെന്ന് വിചാരണ കോടതി പറഞ്ഞു. കസ്റ്റഡി മരണ കേസില്‍ സെന്‍ഗാറിന് വിചാരണ കോടതി 10 വര്‍ഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
2017-ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സെന്‍ഗാര്‍ ബലാത്സംഗം ചെയ്തത്. ബലാത്സംഗ കേസിൽ സെൻഗാറിന്‍റെ കുറ്റസമ്മതവും ശിക്ഷയും ചോദ്യം ചെയ്യുന്ന അപ്പീൽ തീർപ്പാക്കുന്നത് വരെ ഹൈക്കോടതി പ്രതിയുടെ ശിക്ഷ വിധി സ്റ്റേ ചെയ്‌തിരുന്നു. 2025 ഡിസംബർ 23-നാണ് കോടതി ശിക്ഷാ വിധി സസ്‌പെൻഡ് ചെയ്‌തത്. 2025 ഡിസംബർ 29-ന് സുപ്രീം കോടതി സസ്പെൻഷൻ സ്റ്റേ ചെയ്യുകയും ചെയ്‌തു. ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

