ന്യൂഡൽഹി: യുദ്ധോപകരണങ്ങളെ ആധുനികവത്കരിക്കുന്നതിെൻറ ഭാഗമായി ഇന്ത്യയും പുത്തൻ സാേങ്കതികവിദ്യകൾ പരീക്ഷിക്കുന്നു. ആളില്ലാ ടാങ്കുകളും കപ്പലുകളും വിമാനങ്ങളും റോബോട്ടിക് ആയുധങ്ങളുമൊക്കെ ഇന്ത്യൻ സേനയിൽ വൈകാതെ ഇടംപിടിക്കും. കര-വ്യോമ-നാവിക സേന വിഭാഗങ്ങളിൽ ഇവ നടപ്പാക്കുമെന്ന് പ്രതിരോധ നിർമാണ സെക്രട്ടറി അജയ്കുമാർ പറഞ്ഞു.
ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖറാണ് പദ്ധതിയുടെ ചട്ടക്കൂടും പ്രത്യേകതകളും തീരുമാനിക്കുന്നത്. സായുധസേനയും സ്വകാര്യമേഖലയും തമ്മിലുള്ള പങ്കാളിത്ത മാതൃകയിലാണ് ഇത് നടപ്പാക്കുക. മറ്റു രാഷ്ട്രങ്ങൾ ഇത്തരം പരീക്ഷണങ്ങൾ നേരത്തേ ആരംഭിച്ചിട്ടുണ്ട്. ഇൗ മേഖലയിൽ ചൈന ശതകോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ട്. യു.എസ്, ബ്രിട്ടൺ, ഫ്രാൻസ്, യൂറോപ്യൻ യൂനിയൻ എന്നിവയും ഇൗ മേഖലയിൽ മുതൽമുടക്കുന്നു.