ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ലോക്ഡൗൺ ഇളവുകളുടെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചു. സ്കൂളുകൾക്ക് ഒക്ടോബർ 15 മുതൽ തുറന്ന് പ്രവർത്തിക്കാം. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണ്. ഓൺലൈൻ ക്ലാസുകൾക്ക് പ്രാധാന്യം നൽകണമെന്നും വിദ്യാർഥികളെ സ്കൂളുകളിൽ ഹാജരാകാൻ നിർബന്ധിക്കരുതെന്നും മാർഗനിർദേശത്തിലുണ്ട്.
സിനിമ തിയറ്ററുകൾ, മൾട്ടിപ്ലക്സുകൾ, എക്സിബിഷൻ ഹാളുകൾ, പാർക്കുകൾ എന്നിവയും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഇവിടത്തെ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കും. ഒക്ടോബർ 15 മുതലാവും ഇളവുകൾ പ്രാബല്യത്തിൽ വരിക.
കായിക താരങ്ങൾക്ക് പരിശീലനം നൽകുന്ന സ്വിമ്മിങ് പൂളുകളും തുറക്കാൻ അനുമതിയുണ്ട്. കണ്ടൈൻമെൻറ് സോണുകളിൽ കർശന ഉപാധികളോടെ ലോക്ഡൗൺ തുടരണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. അതേസമയം, മഹാരാഷ്ട്ര ഒക്ടോബർ 31 വരെ ലോക്ഡൗൺ നീട്ടിയിട്ടുണ്ട്.