ജ്യോതിഷിയുടെ ഉപദേശം; ഗുജറാത്ത് സർവകലാശാലയിൽ കാലിത്തൊഴുത്ത് പണിയുന്നു
text_fieldsഅഹമ്മദാബാദ്: പ്രതിസന്ധികൾ മാറാൻ ജ്യോതിഷി ഗുജറാത്ത് സർവകലാശാലയിൽ കാലിത്തൊഴുത്ത് നിർമ്മിക്കാൻ നിർദേശിച്ചു. ഇതനുസരിച്ച് സൂറത്തിലെ വീര്‍ നര്‍മദ സൗത്ത് ഗുജറാത്ത് സര്‍വകലാശാലയിലാണ് കാലിത്തൊഴുത്ത് നിർമ്മിക്കുന്നത്.
ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം സ്ഥാപനത്തിന് ഐശ്വര്യം ഉണ്ടാവാനാണീ തീരുമാനമെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.
പുതിയ അഡ്മിനിസ്‌ട്രേറ്റീവ് േബ്ലാക്ക് നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം ജ്യോതിഷിയെ കാണിച്ചിരുന്നു. അവിടെ ഒരുമാസത്തേക്ക് അഞ്ചുമുതല്‍ ഏഴുവരെ പശുക്കളെ താമസിപ്പിച്ച് വേണ്ടവിധം പരിപാലിച്ചാല്‍ പോസിറ്റീവ് എനര്‍ജിയുണ്ടാകുമെന്നും ഭരണം കാര്യക്ഷമമാകുമെന്നും ഉപദേശം ലഭിച്ചതായാണ് വി.സി. പറയുന്നത്. താത്കാലിക തൊഴുത്ത് പണിത് ഒരുമാസം പശുക്കളെ പരിപാലിക്കാനാണിപ്പോൾ തീരുമാനം.
പഴയ അഡ്മിനിസ്‌ട്രേറ്റീവ് േബ്ലാക്ക് പൊളിച്ചുമാറ്റിയിരുന്നു. പുതിയ കെട്ടിടം പണിയാന്‍ 30 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചു. രൂപരേഖ തയ്യാറാക്കാന്‍ ആര്‍ക്കിടെക്ട്, വാസ്തുവിദഗ്ധന്‍, ജ്യോതിഷി എന്നിവരെ അധികൃതര്‍ നിയോഗിച്ചു. അപ്പോഴാണ് തൊഴുത്തിനുള്ള നിര്‍ദേശം വന്നത്.
പശു പഠനങ്ങള്‍ക്കായി ബയോടെക്‌നോളജി വകുപ്പില്‍ കാമധേനു ചെയര്‍ തുടങ്ങാനും സര്‍വകലാശാല തീരുമാനിച്ചു. സർവകലാശാലയുടെ തീരുമാനത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ രൂക്ഷ വിമർശനമാണുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

