ഡൽഹിയിൽ തിരക്കിട്ട മന്ത്രിസഭാ വികസന ചർച്ച
text_fields
ന്യൂഡൽഹി: സുപ്രധാന വകുപ്പുകൾക്ക് മുഴുസമയ മന്ത്രിയില്ലാതായിട്ടും മാസങ്ങളായി വലിച്ചുനീട്ടുന്ന മന്ത്രിസഭാ വികസനം ഏറ്റവും നേരത്തേ നടത്താൻ ബി.ജെ.പി നേതൃതലത്തിൽ തിരക്കിട്ട കൂടിയാലോചന.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ വ്യാഴാഴ്ച എട്ടു കേന്ദ്രമന്ത്രിമാരുമായി വെവ്വേറെ ചർച്ച നടത്തി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വിദേശയാത്രക്കു പോകുന്നതിനു മുമ്പ് പുനഃസംഘടന നടത്തുന്ന കാര്യം അവ്യക്തം.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കേണ്ട, മിക്കവാറും അവസാനത്തെ പുനഃസംഘടനയായിരിക്കുമിത്. അമിത് ഷാ നടത്തിയ കൂടിക്കാഴ്ചകൾ അടക്കം മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച വാർത്തലേഖകരുടെ ചോദ്യത്തിൽനിന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഒഴിഞ്ഞുമാറി. എന്നാൽ, പ്രതിരോധ മന്ത്രിസ്ഥാനം അധികകാലത്തേക്ക് തെൻറ പക്കൽ അധികകാലത്തേക്ക് ഉണ്ടാകില്ലെന്നു കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പെങ്കടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് പുറപ്പെടുന്നത്. അതുകൊണ്ട്, ശനിയാഴ്ച മന്ത്രിസഭാ വികസനം നടന്നേക്കുമെന്നതിെൻറ സൂചനയായി അമിത് ഷായുടെ തിരക്കിട്ട ചർച്ചകളെ കാണുന്നവരുണ്ട്. എന്നാൽ, ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലാത്ത ചർച്ചകളൊന്നും ഇൗ കൂടിക്കാഴ്ചകളിൽ നടന്നിട്ടില്ലെന്നാണ് വാണിജ്യ മന്ത്രി നിർമല സീതാരാമൻ വിശദീകരിച്ചത്.
പ്രതിരോധം, നഗരവികസനം, വനം-പരിസ്ഥിതി എന്നിങ്ങനെ സുപ്രധാന വകുപ്പുകളിൽ ഒഴിവു വന്നിട്ട് ഏറെക്കാലമായി. ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീകർ പോയശേഷം പ്രതിരോധത്തിെൻറ ചുമതലകൂടി വഹിക്കുകയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. അനിൽ ദാവെയുടെ നിര്യാണേത്താടെ വനം-പരിസ്ഥിതി മന്ത്രാലയത്തിനും പ്രത്യേകമായി മന്ത്രി ഇല്ലാതായി. ഉപരാഷ്ട്രപതി സ്ഥാനാർഥിയാകാൻ വെങ്കയ്യനായിഡു രാജിവെച്ചതോടെ നഗരവികസന വകുപ്പിനും മന്ത്രിയില്ല.
അടിക്കടി ഉണ്ടാവുന്ന അപകടങ്ങൾ മുൻനിർത്തി രാജിവെക്കാനുള്ള സന്നദ്ധത മന്ത്രി സുരേഷ് പ്രഭു പ്രധാനമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. സുരേഷ് പ്രഭുവിന് വകുപ്പുമാറ്റം ഉണ്ടായേക്കാമെന്ന സൂചനകളുമുണ്ട്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് അവിടെ നിന്നൊരാൾക്ക് കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം നൽകിയേക്കും.
നിതീഷ്കുമാർ നയിക്കുന്ന ജനതാദൾ-യു ബി.ജെ.പി പാളയത്തിൽ എത്തിയതോടെ, അവരെ എൻ.ഡി.എ സഖ്യകക്ഷിയാക്കി കേന്ദ്രമന്ത്രിസഭയിൽ സ്ഥാനംനൽകാനുള്ള ചർച്ചയും നടക്കുന്നു. എൻ.സി.പിക്ക് ബി.ജെ.പിയോട് പ്രത്യേക താൽപര്യം വർധിച്ചുവരുന്നുവെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, അത് പാർട്ടി നേതൃത്വം
നിഷേധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
